തര്‍ക്കം രൂക്ഷം: കോണ്‍ഗ്രസ് ഭാരവാഹി പട്ടിക അനിശ്ചിതത്വത്തില്‍

മാനന്തവാടി: രൂക്ഷമായ തര്‍ക്കത്തെതുടര്‍ന്ന് ജില്ലയിലെ കോണ്‍ഗ്രസ് ബ്ളോക് അധ്യക്ഷന്മാരുടെ പട്ടിക പുറത്തിറക്കുന്നത് അനിശ്ചിതത്വത്തിലായി. 10 വര്‍ഷം കഴിഞ്ഞ ബ്ളോക് പ്രസിഡന്‍റുമാരെ മാറ്റാന്‍ ധാരണയായിരുന്നു. ഇതനുസരിച്ച് മാനന്തവാടി, കല്‍പറ്റ, ബത്തേരി, വൈത്തിരി ബ്ളോക് പ്രസിഡന്‍റുമാരെ മാറ്റാനും, പനമരം, മീനങ്ങാടി ബ്ളോക്കുകളില്‍ നിലവിലുള്ള പ്രസിഡന്‍റുമാര്‍ തുടരാനും ധാരണയില്‍ എത്തിയിരുന്നു. വൈത്തിരിയിലെ നിലവിലെ പ്രസിഡന്‍റ് പി.എ. ആലി ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കല്‍പറ്റയില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, വൈത്തിരിയില്‍ മാണി ഫ്രാന്‍സിസ്, സുല്‍ത്താന്‍ ബത്തേരിയില്‍ കെ.കെ. ഗോപിനാഥന്‍ മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. ഇതില്‍ കല്‍പറ്റയും വൈത്തിരിയിലും ഏറക്കുറെ ധാരണയില്‍ എത്തിയിട്ടുണ്ട്. ബത്തേരിയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. മാനന്തവാടി ബ്ളോക്കിന്‍െറ കാര്യത്തിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. പി. ഷംസുദ്ദീന്‍െറ പേരാണ് തുടക്കത്തില്‍ ഉയര്‍ന്നത്. എന്നാല്‍, കല്‍പറ്റയില്‍ ആലിയുടെ പേര് വന്നതോടെ ഷംസുദ്ദീനെ പരിഗണിക്കുന്നത് മരവിപ്പിച്ചു. ഇതിനിടയിലാണ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് അച്ചപ്പന്‍ കുറ്റിയോട്ടിലിന്‍െറ പേര് മുന്നോട്ടുവെച്ചത്. ഇത് ഡി.സി.സി പ്രസിഡന്‍റ് അംഗീകരിക്കാന്‍ തയാറാവാത്തതാണ് തര്‍ക്കമുയര്‍ന്നത്. മൂന്നാമതായി വി.വി. നാരായണവാര്യരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും ഐ ഗ്രൂപ്പിലെ പി.വി. ബാലചന്ദ്രന്‍ നയിക്കുന്ന വിഭാഗം ഇത് അംഗീകരിക്കാന്‍ തയാറായില്ല. ദിവസങ്ങളോളം മാരത്തണ്‍ ചര്‍ച്ച നടന്നു. തീരുമാനം എടുക്കുന്നത് കെ.പി.സി.സിക്ക് വിട്ടെങ്കിലും നേതൃത്വത്തിനും തീരുമാനം കൈക്കൊള്ളാന്‍ കഴിയാതായി. ഇതോടെ ലിസ്റ്റ് തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഈ ലിസ്റ്റ് പുറത്തിറക്കിയതിനുശേഷമേ ഡി.സി.സി ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.