അഞ്ചുപേർക്ക് കോവിഡ്, ഒമ്പതുപേർക്ക് രോഗമുക്തി

തിരുവനന്തപുരം: ജില്ലയിൽ വ്യാഴാഴ്ച അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേർ രോഗമുക്തി നേടി. ഈ മാസം ഒമ്പതിന് ദോഹയിൽ നിന്നെത്തിയ വിളപ്പിൽശാല സ്വദേശി (40) ഏഴിന് മുംബൈയിൽനിന്ന് ട്രെയിനിൽ എത്തിയ പൂവാർ സ്വദേശി (66), 15ന് സൗദിയിൽ നിന്നെത്തിയ പാറശ്ശാല സ്വദേശി (58), സൗദിയിൽ നിന്നെത്തിയ മണക്കാട് സ്വദേശി (33) റിയാദിൽ നിന്നെത്തിയ കല്ലമ്പലം സ്വദേശി എന്നിവർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. കൊല്ലം, മലപ്പുറം ജില്ലകളിലെ രണ്ടുപേരും എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഓരോരുത്തരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരടക്കം 898 പേർ പുതുതായി രോഗനിരീക്ഷണത്തിലായപ്പോൾ, 661 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രോഗലക്ഷണങ്ങളുമായി 26 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വരെ 18,349 പേരാണ് രോഗ നിരീക്ഷണത്തിലുള്ളത്. ഇതിൽ 17,216 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്;127 പേർ ആശുപത്രികളിലും. വിവിധ സർക്കാർ സ്ഥാപനത്തിൽ നിരീക്ഷണത്തിലുള്ളത് 1006 പേരാണ്. മൊബൈൽ ഷോപ് ഉടമയുടെ റൂട്ട്മാപ് പുറത്തുവിട്ടു തിരുവനന്തപുരം: കോവിഡ് സ്ഥീകരിച്ച മൊബൈൽ ഷോപ് ഉടമയുടെ റൂട്ട്മാപ് പുറത്തുവിട്ടു. നിലമ്പൂരിൽനിന്ന് കൊച്ചിയിലും അവിടെ നിന്ന് തിരുവനന്തപുരത്തും എത്തിയ ഇദ്ദേഹം നഗരത്തിൽ പലയിടത്തും സഞ്ചരിച്ചു. മൂന്നിന് വൈകീട്ട് 5.30 ഓടെ മണക്കാട്ടുള്ള മൊബൈൽ ഷോപ്പിൽ എത്തി. പല ദിവസങ്ങളിലായി ബീമാപള്ളിയിലും കുമാരപുരത്തെ കൊറിയർ സർവിസിലും ചാലയിലെ സ്കൂൾ ബാഗുകൾ വിൽക്കുന്ന മൊത്ത വിതരണ കേന്ദ്രത്തിലും സന്ദർശനം നടത്തി. മൂന്നിന് വൈകീട്ട് 6.15ന് ഈഞ്ചക്കലിലെ തട്ടുകടയിലും 6.30ന് പേട്ടയിലെ താമസ സ്ഥലത്തും എത്തി. മണക്കാട്ടുള്ള ഹോട്ടലിൽനിന്ന് പാർസൽ വാങ്ങി. പിറ്റേന്ന് രാവിലെ 11.30ന് കുമാരപുരത്തെ കൊറിയർ സർവിസിലും ഒമ്പതിന് ഫോർട്ട് പൊലീസ് സ്റ്റേഷനിലും എത്തി. ഇൗ സമയം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ കഴിഞ്ഞ ദിവസം ക്വാറൻറീനിലാക്കിയിരുന്നു. 10ന് ചാലയിലെ സ്കൂൾ ബാഗ് മൊത്ത വിതരണ കേന്ദ്രത്തിൽ എത്തി. 11ന് ബീമാപള്ളിയിൽ സന്ദർശനം നടത്തി. 13ന് പനിയും തലവേദനയും മൂലം വൈകീട്ട് ആറിന് ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തി. അവിടെ നിന്ന് തിരികെ പേട്ടയിലെ താമസസ്ഥലത്ത് എത്തി. അടുത്ത ദിവസം ജനറൽ ആശുപത്രിയിൽ എത്തി സ്രവം പരിശോധനക്ക് നൽകി. 15ന് ഫലം പോസിറ്റിവായി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.