ലോക്ഡൗണിനു പിറകെ കല്ലുവാതുക്കലിനെ നടുക്കി അപകടമരണം

ചാത്തന്നൂർ: ഉറ്റ സുഹൃത്തുക്കളായിരുന്ന മൂന്നു യുവാക്കൾ ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കല്ലുവാതുക്കൽ നിവാസികൾ ശ്രവിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടവിവരം കല്ലുവാതുക്കൽ നിവാസികൾ അറിയുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ നാലു വാർഡുകൾ ഇപ്പോഴും ഹോട്സ്പോട്ടായി തുടരുകയാണ്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും പലർക്കും എത്താനാകുന്നില്ല. ഹോട്സ്പോട്ടായ കല്ലുവാതുക്കൽ ടൗൺ വാർഡിലാണ് മരിച്ച അസീമിൻെറ വീടും കടയുമുള്ളത്. പൊതുപ്രവർത്തന രംഗത്തും രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവമായിരുന്ന അസീം പൊതുസമ്മതനായിരുന്നു. കല്ലുവാതുക്കലിൽ അസാറാ എന്ന പേരിൽ സൂപ്പർമാർക്കറ്റ് നടത്തിവരുകയായിരുന്നു. നടയ്ക്കൽ സ്വദേശിയായ യുവാവിൻെറ വിവാഹത്തിൽ പങ്കെടുത്ത ശേഷം കഴക്കൂട്ടത്തിനടുത്തുള്ള വധുവിൻെറ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അസീമിൻെറ കാറിലായിരുന്നു യാത്ര. നടയ്ക്കൽ അടുതല ഗ്രാമനിവാസികളും ഞെട്ടലോടെയാണ് മനേഷിൻെറയും പ്രിൻസിൻെറയും മരണവാർത്ത കേട്ടത്. പാരിപ്പള്ളിയിൽ കടയിൽ ജീവനക്കാരനായിരുന്നു മനേഷ്. ഡ്രൈവറായി ജോലി നോക്കിവരുകയായിരുന്നു പ്രിൻസ്. ഇരുവരും കുടുംബത്തിൻെറ അത്താണികളായിരുന്നു. കോവിഡ് പരിശോധന ഫലം വന്ന ശേഷമാകും മരിച്ചവരുടെ പോസ്റ്റ്മോർട്ടവും സംസ്കാരവും നടക്കുക. കല്ലുവാതുക്കൽ സജീന മൻസിലിൽ നാസറിൻെറ മകനാണ് അസീം (35). ഭാര്യ: റസീന. മാതാവ്: അസൂറബീവി. മകൾ: അസാര. ന്യൂനപക്ഷമോർച്ച ചാത്തന്നൂർ മണ്ഡലം സെക്രട്ടറി കൂടിയാണ്. നടയ്ക്കൽ അടുതല മനേഷ് ഭവനിൽ മണികണ്ഠൻപിള്ളയുടെ മകനാണ് മനേഷ് (29). മാതാവ്: വിജയകുമാരി. സഹോദരൻ: മനു. നടയ്ക്കൽ അടുതല പ്രിൻസിയത്തിൽ കുഞ്ഞുരാമക്കുറുപ്പിൻെറ മകനാണ് പ്രിൻസ് (33). മാതാവ്: രാഗിണി. സഹോദരി: പ്രിൻസി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.