റോഡ് തകർന്നുവീണത് ജനത്തെ ആശങ്കയിലാക്കി

വിഴിഞ്ഞം: മഴവെള്ളത്തിൽ മുങ്ങി ബൈപാസിൻെറ സർവിസ് റോഡ് തകർന്നത് ജനത്തെ ആശങ്കയിലാക്കി. ഗതാഗതം പൂർണമായി തടസ്സപ്പെട്ടത് പ്രദേശവാസികളെ ബുദ്ധിമുട്ടിലുമാക്കി. ഇടിഞ്ഞുതാഴ്ന്ന റോഡിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് ചളി മാറ്റി റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴക്കൂട്ടം - കാരോട് ബൈപാസിൻെറ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിഭാഗത്താണ് റോഡ് തകർന്നത്. വെങ്ങാനൂർ ഏലയുടെ ഭാഗമായിരുന്ന താഴ്ന്ന ചതുപ്പുനിലം മണ്ണിട്ട് നികത്തിയാണ് സർവിസ് റോഡ് നിർമിച്ചിരുന്നത്. ബൈപാസിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം ഏലായിലേക്ക് ഒഴുക്കിവിടാനായി രണ്ട് പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തിമിർത്ത് പെയ്ത മഴയിൽ കുത്തിയൊഴുകിയെത്തിയ വെള്ളവും ചളിയും അടിഞ്ഞതാണ് റോഡ് തകരാൻ കാരണം. വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പ് ചളി നിറഞ്ഞ് അടഞ്ഞതോടെ സർവിസ് റോഡിൽ വെള്ളം പതിനഞ്ചടിയോളം ഉയർന്നു. തുടർന്ന് ആറുവരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്നുവിട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് 20 അടിയോളം നീളത്തിൽ റോഡിൻെറ വശങ്ങൾ തകർന്ന് ഇടിഞ്ഞുതാഴ്ന്നത്. രണ്ട് കൂറ്റൻ ജനറേറ്റർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് മൂന്ന് എക്സ്കവേറ്ററുകൾ ഉപയോഗിച്ച് ചളി മാറ്റിയും നിരവധി തൊഴിലാളികളെ ഉപയോഗിച്ച് തകർന്നഭാഗം പനർനിർമിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. ബൈപാസിലെ സർവിസ് റോഡുകളുടെ നിർമാണം അശാസ്ത്രീയമാണെന്ന് തുടക്കംമുതലേ ആരോപണമുയർന്നിരുന്നു. ഫോട്ടോ - 20200614_162404 20200614_162632 കഴക്കൂട്ടം - കാരോട് ബൈപാസിൻെറ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിഭാഗത്ത് സർവിസ് റോഡ് തകർന്നത് പുനർനിർമിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.