പരീക്ഷനടത്തിപ്പ്, സുരക്ഷാ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ആരോഗ്യപൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു. ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാർഥികളുടെയും ക്വാറൻറീനിലുള്ള വിദ്യാർഥികളുെടയും പട്ടിക മുന്‍കൂട്ടി തയാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളിൽ അറിയിക്കണം. ഈ വിദ്യാർഥികള്‍ക്ക് പ്രത്യേക പരീക്ഷകേന്ദ്രങ്ങളോ പരീക്ഷകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം. സ്‌കൂള്‍ അധികൃതര്‍ വിദ്യാർഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്ന് വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാർഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയാറാക്കണം. രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യവകുപ്പ് പരീക്ഷ ദിവസങ്ങളില്‍ പരീക്ഷകേന്ദ്രങ്ങളില്‍ നിയമിക്കണം. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഇവർ ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തിലെ മെഡിക്കല്‍ ഓഫിസറുമായി ആലോചിച്ച് മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം. പരീക്ഷക്ക് മുമ്പായിത്തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്‌കൂള്‍ മാനേജ്മൻെറ്, സ്റ്റാഫ് എന്നിവര്‍ക്ക് മൈക്രോ പ്ലാന്‍ സംബന്ധിച്ചും പരീക്ഷനടത്തിപ്പ് സംബന്ധിച്ചും ബോധവത്കരണം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കണം ക്വാറൻറീനിൽ കഴിയുന്ന കുട്ടികൾക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പരീക്ഷകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരണം ഉണ്ടായിരിക്കണം നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം പരീക്ഷകള്‍ നടത്താന്‍. എയര്‍കണ്ടീഷന്‍ മുറികളിൽ പരീക്ഷ നടത്തരുത്. ലക്ഷദ്വീപില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ക്വാറൻറീന്‍ സമയത്തും പരീക്ഷ എഴുതാനായി വരുന്ന വിദ്യാർഥികള്‍ ട്രിപ്ള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. പരീക്ഷകേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. വിദ്യാർഥികൾക്ക് തെര്‍മല്‍ സ്‌കാനിങ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. ആ ദിവസത്തെ പരീക്ഷ അവസാനിച്ചതിന് ശേഷം ഇവരെ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിപ്പിക്കണം. എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്ള്‍ ലെയര്‍ മാസ്‌ക്കും ൈകയുറകളും ധരിക്കണം. രക്ഷാകര്‍ത്താക്കളെ സ്‌കൂള്‍ കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത് എന്നിവയടക്കം 18 നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.