പുതുക്കോട്ടയിൽ പിടികൂടിയ കള്ളനോട്ടിൻെറ ഉറവിടം നാഗർകോവിൽ; 65 ലക്ഷത്തിൻെറ കള്ളനോട്ട് പിടിച്ചെടുത്തു നാഗർകോവിൽ: പുതുക്കോട്ട ജില്ലയിൽ തിരുമയം മദ്യഷോപ്പിൽ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ രണ്ടുപേരുടെ പക്കൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ കള്ളനോട്ടിൻെറ ഉറവിടം നാഗർകോവിൽ ആണെന്ന് കണ്ടെത്തി. 65,41,350 രൂപയുടെ കള്ളനോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, കളർ ഫോട്ടാകോപ്പി മെഷീനുൾപ്പെടെയുള്ളവ അറസ്റ്റിലായവരുടെ പക്കൽനിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പുതുക്കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ട കീഴത്തൂർവാസപുരം സ്വദേശി സന്തോഷ്കുമാർ (33), സുഹൃത്ത് രാമചന്ദ്രൻ (30), ചന്തപേട്ട സ്വദേശി മുഹമ്മദ് ഇബ്രാഹിം (27), കാമരാജ്റോഡിൽ മുഹമ്മദ് നസറുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതികളായ ചെന്നൈ സ്വദേശി സുരേഷ് (48), നാഗർകോവിൽ ഇറച്ചകുളം സ്വദേശി മണികണ്ഠൻ (34) എന്നിവരാണെന്ന് അറിയാൻ കഴിഞ്ഞത്. ഇവരെയും അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരുന്നു. അജിത്കുമാർ നാഗർകോവിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.