സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' പദ്ധതി വിജയിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലക്ടര്‍മാരും പങ്കെടുത്തു. ഒരു വര്‍ഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉൽപാദന വര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധനമേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ കൃഷിക്കും വായ്പ നല്‍കണം. 25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കും. നെല്ല് 5000 ഹെക്ടര്‍, പച്ചക്കറി 7000 ഹെക്ടര്‍, വാഴ 7000 ഹെക്ടര്‍, കിഴങ്ങ് 5000 ഹെക്ടര്‍, പയര്‍വര്‍ഗങ്ങള്‍ 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍ 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 10,000 ക്രോസ് ബ്രീഡ് പശു യൂനിറ്റ് സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നല്‍കും. എല്ലാ പഞ്ചായത്തിലുമായി 8000 െഡയറി യൂനിറ്റ് തുടങ്ങും. 3000 ഹെക്ടര്‍ ഉപ്പുവെള്ള കുളങ്ങളില്‍ പേള്‍ സ്പോട്ട് ഫാമിങ് യൂനിറ്റ് സ്ഥാപിക്കും. ഉപ്പുവെള്ളത്തില്‍ കൂട്ടില്‍ കൃഷി ചെയ്യുന്നതിന് 5000 യൂനിറ്റ് സ്ഥാപിക്കും. യൂനിറ്റിന് ലക്ഷം രൂപ ചെലവില്‍ പടുതാ കുളത്തില്‍ 5000 മത്സ്യകൃഷി യൂനിറ്റ് സ്ഥാപിക്കും. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ഇ.പി. ജയരാജന്‍, എ.സി. മൊയ്തീന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.