ശ ംഖുംമുഖം: മടങ്ങിയെത്തുന്ന പ്രവാസികളുടെ ചിത്രം പകര്‍ത്തി ശരീരോഷ്മാവ് അളക്കുന്ന ഇന്‍ഫ്രാറെഡ് തെർമല്‍ ഇമേജിങ് കാമറകള്‍ (ഐ.ടി.ഐ.സി) വിമാനത്താവളത്തില്‍ സ്ഥാപിക്കും. ആദ്യഘട്ടമെന്നനിലക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇത് സ്ഥാപിക്കുക. കോവിഡിൻെറ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് പ്രവാസികള്‍ കൂട്ടമായി മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധനകള്‍ കര്‍ശനമാക്കുന്നതിൻെറ ഭാഗമായിട്ടാണ് ഇന്‍ഫ്രാറെഡ് തെർമല്‍ ഇമേജിങ് കാമറകള്‍ സ്ഥാപിക്കുന്നത്. വിമാനത്തിനുള്ളില്‍നിന്ന് ടെര്‍മിനലിനുള്ളിലേക്ക് പ്രവേശിക്കുന്ന 30 യാത്രക്കാരുടെ ചിത്രങ്ങള്‍ ഒരേസമയം ഒന്നിച്ച് പകര്‍ത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഊഷ്മാവടക്കം കൃത്യമായി ലഭ്യമാക്കുന്ന കാമറയാണിത്. 15 അടി ദൂരത്തുനിന്നുവരെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാമറക്ക് ശേഷിയുണ്ട്. തെർമല്‍ സ്കാനറുകളെക്കാള്‍ കൃത്യതയോടെ ഊഷ്മാവ് തിട്ടപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും സാധാരണനിലയെക്കാള്‍ ഊഷ്മാവുണ്ടായാല്‍ ഐ.ടി.ഐ.സി ബീപ് ശബ്ദം മുഴക്കും. ഇതോടെ ഇയാളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹായത്തോടെ സംവിധാനം ഏര്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാറിൻെറ നീക്കം. തെര്‍മല്‍ ഇമേജിങ് കാമറ വാങ്ങി വിമാനത്താവളത്തില്‍ സ്ഥാപിക്കേണ്ടത് എയര്‍പോര്‍ട്ട് അതോറിറ്റിയാണ്. രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിവരും. ജര്‍മന്‍ സാേങ്കതികവിദ്യയിലാണ് കാമറ പ്രവര്‍ത്തിക്കുന്നത്. കാമറ സ്ഥാപിച്ചാല്‍ തെര്‍മല്‍ സ്കാനറുകളുമായി സ്ക്രീനിങ് ജോലിക്ക് നിയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കാനാകും. ഇതിനാവശ്യമായ മനുഷ്യവിഭവശേഷിയും പുതിയ സ്ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ സമാഹരിക്കാനാകും. എട്ടുമുതല്‍ 10 ലക്ഷം വരെയാണ് ഒരു കാമറയുടെ വില. ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രമേ നിലവില്‍ ഈ സംവിധാനമുള്ളൂ. എത്രയും വേഗത്തില്‍ ഇൗ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ വിമാനത്താവളത്തിലെ ജീവക്കാരുടെയും വിമാനത്താവളത്തില്‍ എത്തുന്നവരുടെയും ശരീരോഷ്മാവ് അളക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി നേരിട്ട് വാങ്ങി വിമാനത്താവളത്തിലെ ഒാരോ വിങ്ങിലേക്കും കൈമാറിക്കഴിഞ്ഞു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളം പൂര്‍ണമായും അണുമുക്തമാക്കിക്കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഒരു വിമാനം എത്തി യാത്രക്കാര്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ ടെര്‍മിനലും ലഗേജ് ഏരിയയും പൂര്‍ണമായും അണുമുക്തമാക്കി അടുത്ത വിമാനം ഇറക്കാനുള്ള സംവിധാനങ്ങള്‍ ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ സാമൂഹിക അകലം പാലിച്ച് എമിേഗ്രഷന്‍, കസ്റ്റംസ്, ലഗേജ് ഏരിയകളിലേക്ക് കടക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍. എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.