ആയൂർ: കമ്പംകോട്, വയണാമൂലയിൽ പാറമടയിൽ രണ്ട് ഹിറ്റാച്ചി ഓപറേറ്റർമാർ മരിച്ചതിനെത്തുടർന്ന് സ്ഥലത്ത് ഖനനപ്രവർത് തനം നിർത്തിവെക്കാൻ കലക്ടർ ഉത്തരവിട്ടു. റവന്യൂ വകുപ്പിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഖനനം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ടുകൾ ശേഖരിച്ചതിനുശേഷം തുടർനടപടികൾ എടുക്കുമെന്ന് ആർ.ഡി.ഒ ബി. ശശികുമാർ അറിയിച്ചു. കുരുതിക്കളങ്ങളാകുന്ന പാറമടകൾ ആയൂർ: സുരക്ഷ സംവിധാനങ്ങളില്ലാത്തതും വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതും ജില്ലയുടെ കിഴക്കൻ മേഖലയിലെ പാറമടകളെ കുരുതിക്കളങ്ങളാക്കുന്നു. ഏറെ അപകടം പതിയിരിക്കുന്ന തൊഴിൽമേഖലയായി പാറഖനനം മാറിയിട്ടുണ്ട്. പാറമടകളിലെ മുരുത്തുകളും, അറവുകളും, പാറപാളികളും വൻ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. രണ്ട് മടകളുടെ ഇടയിലുള്ള അതിർത്തികളായ മുരുത്തുകളും ഖനനത്തിനുവേണ്ടിയുള്ള സ്ഫോടനശേഷം അവശേഷിക്കുന്ന പാറക്കൂട്ടമായ അറവുകളും വലിയ പാറകളുടെ ഇടകളിലുള്ള വയറുകളായ പാളികളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ്. കിഴക്കൻ മേഖലയിൽ നിരവധി പാറക്വാറികളിൽ സമാനമായ പല അപകടങ്ങളും നടന്നിട്ടുണ്ട്. പാറഖനനം നടത്തി തറനിരപ്പിൽനിന്നും ഏറെ ആഴത്തിൽ ഖനനം നടത്തി ഉപേക്ഷിക്കുന്ന ക്വാറികളും ഏറെയാണ്. ഇവിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ വീണും അപകടങ്ങൾ ഉണ്ടാകാറുണ്ട്. വളഞ്ഞുപുളഞ്ഞ് താഴേക്ക് പോകുന്ന ക്വാറികളിലെ വീതികുറഞ്ഞ റോഡുകളിൽനിന്ന് പാറ കയറ്റിയ ലോറികൾ താഴെ ഗർത്തങ്ങളിലേക്ക് പതിച്ചും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടുതൽ ഖനന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുവേണ്ടി ക്വാറി പ്രദേശങ്ങളിൽനിന്നും മണ്ണ് നീക്കം ചെയ്യുമ്പോഴും മണ്ണിടിഞ്ഞ് വീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പാറമടകളിൽ ഇനിയും നിണമൊഴുകാതെ സർക്കാർ മുൻകൈയെടുത്ത് തൊഴിൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.