പ്ലാസ്​റ്റിക് ക്യാരിബാഗിന് ബദലുമായി വിദ്യാർഥികൾ ചെമ്മരുതിയിലെ മുഴുവൻ കുടുംബങ്ങൾക്കും തുണിസഞ്ചി നൽകും

വർക്കല: പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിന് ബദലുമായി വിദ്യാർഥികൾ. പ്ലാസ്റ്റിക്കിന ് പകരം തുണി കൊണ്ട് നിർമിച്ച സഞ്ചികളാണ് കുട്ടികൾ മുന്നോട്ട് വെക്കുന്നത്. ചെമ്മരുതി ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങൾക്കും തുണിസഞ്ചി സൗജന്യമായി നൽകാൻ പദ്ധതിയുമായാണ് അയിരൂർ എം.ജി.എം മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒരുങ്ങുന്നത്. സ്കൂളിലെ എക്കോ ക്ലബ്‌, ഹെൽത്ത്‌ ക്ലബ്‌, ഹിന്ദുസ്ഥാൻ സ്കൗട്ട്സ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. വിദ്യാർഥികളുടെ കൂട്ടായ പരിശ്രമത്തിന് അധ്യാപകരുടെയും പിന്തുണയുണ്ട്. ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും തുണിസഞ്ചി സൗജന്യമായി നൽകും. ഇതിനായി അവർ സ്വന്തം വീടുകളിൽ നിന്ന് ഉപയോഗം കഴിഞ്ഞ കോട്ടൺ സാരികൾ സ്കൂളിൽ എത്തിച്ചു. ആയിരത്തോളം സാരികളാണ് ഇങ്ങനെ സമാഹരിക്കുന്നത്. ഇതിൻെറ ആദ്യഘട്ടം പൂർത്തിയായി. സമാഹരിച്ച സാരികൾ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ തയ്യൽ അറിയാവുന്ന ആശ വളൻറിയർമാർ തുണിസഞ്ചികളാക്കി മാറ്റും. സഞ്ചി ഒന്നിന് അഞ്ചുരൂപ തയ്യൽകൂലിയായി വിദ്യാർഥികൾ നൽകും. ഒരു സാരിയിൽനിന്ന് 10 സഞ്ചികളാണ് നിർമിക്കുന്നത്. ഇവ ആശ വളൻറിയർമാർ ചെമ്മരുതിയിലെ എല്ലാ വീടുകളിലും എത്തിക്കും. ആർദ്രം ജനകീയ കാമ്പയിൻെറ ഭാഗമായാണ് ഈ ചുമതല ആശ വളൻറിയർമാർ ഏറ്റെടുക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെയും ഉപയോഗം കഴിഞ്ഞ വസ്തുക്കൾ വലിച്ചെറിയുന്ന ശീലങ്ങളിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. എസ്. പൂജ പറഞ്ഞു. സമാഹരിച്ച അഞ്ഞൂറോളം സാരികൾ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.ആർ. ഗോപകുമാറിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം എം.ജി.എം ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാരായ മീര എസ്. പിള്ള, പ്രീത, സ്കൗട്ട് മാസ്റ്റർ പ്രവീൺ എസ്. ആർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു. 15 VKL 2 plastic nu badal@varkala ഫോട്ടോ കാപ്ഷൻ പ്ലാസ്റ്റിക് കാരിബാഗിന് ബദലായി ചെമ്മരുതിയിലെ എല്ലാ കുടുംബങ്ങൾക്കും തുണിസഞ്ചി നൽകുന്ന പദ്ധതി അയിരൂർ എം.ജി.എം സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ. സുകുമാരൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാറിന് ആദ്യത്തെ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.