സ്ഥാപനം വിവരം നൽകാത്തതിൻെറ പേരിൽ മരണ സർട്ടിഫിക്കറ്റ് നൽകാതിരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്ത പുരം: മരണം നടന്ന സ്ഥാപനം മരണവിവരം രേഖാമൂലം അറിയിക്കാത്തതിനാൽ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന ജനന-മരണ രജിസ്ട്രാറുടെ നിലപാട് നിയമപരമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. ജനന-മരണ-വിവാഹ രജിസ്േട്രഷൻ നിയമം 1969ലെ 21ാം വകുപ്പ് അനുസരിച്ച് മരണ റിപ്പോർട്ടിങ് ഫോറം സമർപ്പിക്കാനും മരണം രജിസ്റ്റർ ചെയ്തു കിട്ടാനുമുള്ള അധികാരം മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്കുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. പാറശ്ശാല ആറയൂർ സ്വദേശിനി ടി. തായിയുടെ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയപ്പോൾ നിരസിച്ചെന്നാരോപിച്ച് മകൾ ടി. നിർമല നൽകിയ പരാതിയിലാണ് നടപടി. 2018 ആഗസ്റ്റ് 17ന് ആറ്റിങ്ങൽ ചെറുവഞ്ചിമുക്ക് ദിയ ചാരിറ്റബിൾ സൊസൈറ്റി എന്ന വൃദ്ധസദനത്തിലാണ് തായി മരിച്ചത്. രേഖകൾ പരിശോധിച്ചതിൽ ദിയ ചാരിറ്റബിൾ സൊസൈറ്റി ഇങ്ങനെയൊരാളുടെ മരണം ആറ്റിങ്ങൽ നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നഗരസഭ രജിസ്ട്രാറായ ഹെൽത്ത് ഇൻസ്പെക്ടർ കമീഷനെ അറിയിച്ചു. നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മരണം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് നഗരസഭയുടെ നിലപാട്. തായിയുടെ മകൾ നിർമലക്ക് അമ്മയുടെ മരണവിവരം നഗരസഭയെ അറിയിക്കാമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം സാധൂകരിക്കാനുള്ള നിയമനടപടികൾ പരാതിക്കാരിയായ നിർമല പൂർത്തിയാക്കണം. അപേക്ഷ ലഭിച്ചാൽ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നൽകണമെന്ന് കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.