എരുമേലിയില്‍ രാസ വര്‍ണപ്പൊടികള്‍ നിരോധിച്ചു

കോട്ടയം: ശബരിമല തീർഥാടനത്തിൻെറ ഭാഗമായ പേട്ടതുള്ളലിന് ഉപയോഗിക്കുന്ന രാസവസ്തുക്കളടങ്ങിയ വര്‍ണപ്പൊടികള്‍ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ സംഭരിക്കുന്നതും തീര്‍ഥാടകര്‍ക്ക് വില്‍ക്കുന്നതും ജില്ല കലക്ടര്‍ നിരോധിച്ചു. ക്രിമിനല്‍ നടപടിക്രമം 133 ബി പ്രകാരമാണ് നിരോധനം. എരുമേലിയിലും പരിസരപ്രദേശങ്ങളിലും പേട്ടതുള്ളലുമായി ബന്ധപ്പെട്ട് രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കുങ്കുമപ്പൊടിയും മറ്റു വര്‍ണപ്പൊടികളും വ്യാപകമായി വിപണനം നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇത്തരം വര്‍ണപ്പൊടികള്‍ വാങ്ങി ഉപയോഗിക്കുന്ന തീർഥാടകര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും ഇവ വായുവിലും വെള്ളത്തിലും കലരുന്നത് പ്രദേശവാസികള്‍ക്ക് ദോഷകരമാകുന്നതായും ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന വര്‍ണപ്പൊടികള്‍ നിരോധിക്കണമെന്നും ജൈവവസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച നിറങ്ങളുടെ ഉപയോഗം പ്രചരിപ്പിക്കണമെന്നും നവംബര്‍ ഒന്‍പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.