തലസ്ഥാനത്തിന്​ പൂക്കാലമൊരുക്കി 'വസന്തോത്സവം' ഇന്നുമുതൽ

* ജനുവരി അഞ്ചുവരെ കനകക്കുന്നിലും സൂര്യകാന്തിയിലുമാണ് പുഷ്പേമള ഒരുക്കിയിട്ടുള്ളത് തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് പൂക്കാലമൊരുക്കി കനകക്കുന്നിൽ രണ്ടാഴ്ച നീളുന്ന 'വസന്തോത്സവം' ശനിയാഴ്ച തുടങ്ങും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻെറയും ഡി.ടി.പി.സിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ജനുവരി അഞ്ചുവരെ കനകക്കുന്നിലും സൂര്യകാന്തിയിലുമായാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ. രാജു എന്നിവർ സംബന്ധിക്കും. പുഷ്പമേള, കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ-അപൂര്‍വ സസ്യപ്രദര്‍ശനം, ഉൽപന്ന വിപണന മേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാക്യാമ്പ്, ഗോത്ര ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായി ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തജിൽ അറിയിച്ചു. അത്യുല്‍പാദന ശേഷിയുള്ള കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വിൽപനയും ഇതോടൊപ്പം ഉണ്ടായിരിക്കും. പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും വ്യക്തികളും ഇതില്‍ പങ്കെടുക്കും. പൂന്തോട്ട നഗരിയായ ബംഗളൂരുവില്‍നിന്ന് 20,000ത്തോളം ചെടികളാണ് ഇത്തവണ പ്രദര്‍ശനത്തിനായി എത്തുന്നത്. ബംഗളൂരുവിൽനിന്നുള്ള പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കുന്ന സബര്‍മതി ആശ്രമത്തിൻെറയും ജടായു പാര്‍ക്കിൻെറയും മാതൃകയിലുള്ള പുഷ്പാലംകൃത രൂപങ്ങൾ ഇത്തവണത്തെ ആകർഷക ഇനങ്ങളാണ്. ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന ഓര്‍ക്കിഡ് ചെടികളുടെ പ്രദര്‍ശനം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ കാഴ്ചകള്‍, കിര്‍ത്താഡ്സ് ഒരുക്കുന്ന ഗോത്ര വര്‍ഗ സംസ്കാരം എന്നിവയും വേറിട്ടതാകും. ടൂറിസത്തിന് പുറമെ വനം, കൃഷി തുടങ്ങിയ വകുപ്പുകളും ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും പ്രദര്‍ശന സ്റ്റാളുകളുമായി വസന്തോത്സവത്തില്‍ പങ്കുചേരും. വെള്ളച്ചാട്ടം, ഗുഹ, കുളം, തടിപ്പാലം എന്നിവയും വിവിധ വന്യമൃഗങ്ങളുടെ രൂപങ്ങളും മരത്തിൻെറ മാതൃകകളും സജ്ജമാക്കും. ഗോത്ര സമുദായങ്ങളില്‍ നിലനില്‍ക്കുന്ന ചികിത്സാരീതികള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനായി ഗോത്ര പാരമ്പര്യ വൈദ്യ ചികിത്സാ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിൻെറ നേതൃത്വത്തില്‍ പതിനായിരത്തില്‍പരം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയും പ്രദർശനവും സജ്ജമാക്കി. പ്രദര്‍ശനത്തിൻെറ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുമണിവരെയാണ് പ്രവേശനം. 50 രൂപയാണ് പ്രവേശന ടിക്കറ്റിൻെറ നിരക്ക്. വസന്തോത്സവത്തിൻെറ അവസാന ദിവസം ലോകകേരളസഭ സമാപനത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും കനകക്കുന്നില്‍ ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.