മഴ നനഞ്ഞ്​, അനുഗ്രഹംതേടി, ആത്മവിശ്വാസത്തിൽ സ്​ഥാനാർഥികൾ

തിരുവനന്തപുരം: പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വോട്ടുകൾ ഉറപ്പിക്കാനുള്ള 'ഒാട്ട'ത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖർ എൽ.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയപ്പോൾ എ.െഎ.സി.സി ഭാരവാഹികളെ ഉൾപ്പെടെ യു.ഡി.എഫും മണ്ഡലത്തിറക്കി. മതമേലധ്യക്ഷന്മാരെ ഉൾപ്പെടെ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്. 'ഞങ്ങൾക്ക് പ്രശാന്തിൽ വിശ്വാസമുണ്ട്‌. രണ്ട്‌ വർഷത്തോളമായി ഞങ്ങൾക്കായി തെരുവോരങ്ങളിൽ സമരം നടത്തിയ പ്രസ്ഥാനത്തിൻെറ പ്രതിനിധിയാണ്‌ അദ്ദേഹം. ഏത്‌ പ്രതിസന്ധിഘട്ടത്തിലും ഉപേക്ഷിച്ച്‌ പോകാതെ ഞങ്ങളോടാപ്പെം അദ്ദേഹമുണ്ടാകും എന്നത് ഉറപ്പാണ്' -ഹിന്ദുസ്ഥാൻ ലൈഫ്‌ കെയർ പേരൂർക്കടയിലെ ജീവനക്കാരനായ വൈശാഖിൻെറ വാക്കുകളാണിത്. തിങ്കളാഴ്‌ച വട്ടിയൂർക്കാവ്‌ ജങ്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തിന്‌ ശേഷം എൽ.ഡി.എഫ് സ്ഥാനാർഥി പ്രശാന്തെത്തിയത്‌ പേരൂർക്കടയിലെ എച്ച്‌.എൽ.എല്ലിലാണ്‌. അവിടെയാണ് ജീവനക്കാർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മുദ്രാവാക്യവും ഹാരവുമായാണ്‌ ജീവനക്കാർ സ്ഥാനാർഥിയെ സ്വീകരിച്ചത്‌. ജീവനക്കാർ സ്ഥാനാർഥിയുമായി സെൽഫിയെടുത്തു. 'അപ്പോ മറക്കരുത്‌ സഹായിക്കണമെന്ന്‌ പ്രശാന്തിൻെറ അഭ്യർഥന'. 'അത്‌ പറയാനുണ്ടോ ബ്രോ ഞങ്ങളല്ലൊവരും കൂടെയില്ലേ'ന്ന് ജീവനക്കാരും. പിന്നീട്‌ നന്തൻകോട്‌ ജങ്‌ഷനിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. കെ. മുരളീധരൻ തുടങ്ങിെവച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയായി വട്ടിയൂർക്കാവ് മണ്ഡലത്തിൻെറ ശബ്ദമായി നിയമസഭയിൽ കെ. മോഹൻകുമാർ ഉണ്ടാകണമെന്ന നിലയിലുള്ള പ്രതികരണം യു.ഡി.എഫ് കാമ്പിന് ആവേശം നൽകുന്നു. പേരൂർക്കട ബാപ്പുജി ഗ്രന്ഥശക്കെ് മുന്നിൽനിന്ന് കെ. മുരളീധരൻ എം.പി നെട്ടയം പ്രദേശത്തെ തിങ്കളാഴ്ചത്തെ പൊതു പര്യടനം ഉദ്ഘാടനം ചെയ്തു. മേയറായിട്ട് ഉപകാരമില്ലാത്ത ആളെ എം.എൽ.എ ആക്കിയാൽ ഉപകാരമുണ്ടാകുമോയെന്ന് കെ. മുരളീധരൻ ചോദിച്ചു. എല്ലാ തലത്തിലും വികസനം മുരടിപ്പിച്ചവരുടെ കൈയിൽ ഏൽപിക്കേണ്ടതാണോ വട്ടിയൂർക്കാവെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന്, എൻ.പി.പി നഗർ, പേൾനഗർ, കമല ഗാർഡൻസ്, കൃഷ്ണനഗർ, രാധാകൃഷ്ണ ലെയിൻ, റാന്നി ലെയിൻ, എം.ജി നഗർ, എൻ.വി നഗർ, അടുപ്പുകൂട്ടാൻപ്പാറ എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി. കാച്ചാണി സ്കൂൾ ജങ്ഷൻ പിന്നിട്ടപ്പോൾ വാദ്യഘോഷങ്ങളും നൃത്തച്ചുവടുമായി യുവാക്കൾ സ്ഥാനാർഥി കെ. മോഹൻകുമാറിനെ അനുഗമിച്ചു. സമാപനമായ നെട്ടയത്ത് എത്തുമ്പോൾ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. കോരിച്ചൊരിയുന്ന മഴയിലും ആവേശം ഒട്ടും ചോരാതെയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി അഡ്വ. എസ്. സുരേഷിൻെറ വാഹനപ്രചാരണം. ബി.ജെ.പി സംസ്ഥാന സമിതി അംഗം എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്ത പര്യടനം കുറവന്‍കോണത്തുനിന്ന് ആരംഭിച്ചപ്പോള്‍ തന്നെ കറുത്തമേഘങ്ങള്‍ ആകാശത്തെ മൂടിയിരുന്നു. നന്തന്‍കോട് നളന്ദ ജങ്ഷനില്‍ പ്രചാരണവാഹനം എത്തിയതും മഴ ശക്തമായി. എന്നാൽ മഴയെ അവഗണിച്ചും നിരവധി പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയിരുന്നു. കവടിയാര്‍, ടോള്‍ ജങ്ഷന്‍, അമ്പല നഗര്‍, അമ്പലംമുക്ക് തുടങ്ങിയ ഇടങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് സുരേഷിന് ഒരുക്കിയത്. അമ്പലംമുക്കില്‍ നിന്ന് ചെട്ടിവിളാകം ഏരിയയിലാണ് തുടര്‍ന്ന് പ്രചാരണം തുടങ്ങിയത്. അഞ്ചുമുക്ക്്, പരുത്തിപ്പാറ, നാലാഞ്ചിറ, ജഗതി കട, പാറപ്പൊറ്റ ഊന്നാന്‍പാറ, പേരൂര്‍ക്കട, എൻ.സി.സി നഗര്‍, മരപ്പന്‍കോട്, അമ്പലമുക്ക് വാട്ടര്‍ഹൗസ് ലെയിന്‍ എത്തി രാത്രി ഒമ്പതോടെ പര്യടനം അവസാനിപ്പിച്ചു. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെയും നടൻ മധുവിനെയും സുരേഷ് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.