സ്കൂൾ കായികമേള നടത്തിപ്പ് കോടതി കയറുന്നു

ഉപജില്ല കായിക സെക്രട്ടറിമാരുടെ രാജി തുടരുന്നു തിരുവനന്തപുരം: കായികാധ്യാപക സമരത്തിൽ പങ്കെടുക്കുന്ന ഉപജില്ല സ്പോർട്സ്-ഗെയിംസ് സെക്രട്ടറിമാർ കൃത്യമായി ചുമതല നിർവഹിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറിനെതിരെ കായികാധ്യാപകർ കോടതിയിലേക്ക്. ഇടുക്കിയിലെ കായികാധ്യാപകരാണ് സർക്കുലറിനെതിെര ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. യു.പി, ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പാക്കുക, തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യാപകര്‍ ചട്ടപ്പടി സമരം നടത്തുന്നത്. ഇതേ ആവശ്യങ്ങളുന്നയിച്ച് 2017ല്‍ സമരം നടത്തിയിരുന്നെങ്കിലും സര്‍ക്കാറുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഒരു നടപടിയും ഉണ്ടാവാതിരുന്നതിനെതുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ വീണ്ടും സമരം തുടങ്ങുകയായിരുന്നു. കായികമേള നടത്തിപ്പിനെയും സമരം ബാധിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറങ്ങിയത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ അംഗീകരിക്കാനാകില്ലെന്നാണ് കായികാധ്യാപകരുടെ നിലപാട്. അതേസമയം സംസ്ഥാനത്ത് ഉപജില്ല കായിക സെക്രട്ടറി സ്ഥാനത്തുനിന്ന് അധ്യാപകരുടെ രാജി തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരം നോർത്ത്, നെയ്യാറ്റിൻകര ഉപജില്ല കായിക സെക്രട്ടറിമാർ രാജിവെച്ചു. നേരത്തെ മലപ്പുറത്ത് 12 ഉപജില്ലകളിലെയും കോഴിക്കോടും ഇടുക്കിയിലും നാല് ഉപജില്ലകളിലെയും കൊല്ലത്ത് 13 ഉപജില്ലകളിലെ സെക്രട്ടറിമാരും രാജിവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.