അവശനിലയിലായ യുവാവിനെ​​ കൊടുംകാട്ടിലൂടെ 25 കിലോമീറ്റർ ചുമന്ന്​ ഇടമലക്കുടിക്കാർ

അടിമാലി: പനിബാധിച്ച് അവശനിലയിലായ യുവാവിനെ 25 കി.മീ. കൊടും കാട്ടിലൂടെ ചുമന്ന് ഇടമലക്കുടിക്കാർ. രണ്ടുദിവസമായി പനി ബാധിച്ച് അവശനായ ആണ്ടവൻ കുടിയിലെ നടരാജനെയാണ് സുഹൃത്തുക്കൾ അവിട്ടനാളിൽ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. 50ഓളം പേർ ചേർന്ന് കഴയുടെ (മരക്കമ്പ്) നടുഭാഗത്ത് തുണികെട്ടി അതിനുള്ളിൽ ഇരുത്തി കഴയുടെ രണ്ട് അറ്റവും തോളിലേറ്റിയായിരുന്നു കാട്ടിലൂടെ സാഹസികയാത്ര. രാവിലെ എട്ടിന് പുറപ്പെട്ട് 12.30 ഓടെയാണ് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചത്. ഈ ദൂരമത്രയും മാറിമാറി ചുമക്കുകയായിരുന്നു. കഴിഞ്ഞ പെരുമഴയിൽ സൊസൈറ്റിക്കുടിയിലേക്കുണ്ടായിരുന്ന റോഡ് വിരിപ്പുകാട് ഭാഗത്ത് പത്ത് മീറ്ററോളം തകർന്നതിനെത്തുടർന്ന് പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. മൂന്നാറിൽനിന്ന് രാജമല, പെട്ടിമുടി വഴിയാണ് ഇടമലക്കുടിയിലേക്ക് വഴിയുണ്ടായിരുന്നത്. പെട്ടിമുടിയിൽനിന്ന് കാട്ടുപാതയിലൂടെ സാഹസിക യാത്ര നടത്തിയാണ് ഇവിടുത്തുകാർ എത്തിയിരുന്നത്. ഈ റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ജനങ്ങൾ ആനക്കുളം, മാങ്കുളം വഴിയാണ് വിവിധ ആവശ്യങ്ങൾക്ക് അടിമാലിയിലെത്തുന്നത്. ഇത്തവണത്തെ മഴയിൽ ഇടമലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി വീടുകളും ഹെക്ടർ കണക്കിന് കൃഷികളും നശിച്ചിട്ടും ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ഇടമലക്കുടിയുടെ പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും പഞ്ചായത്ത് അംഗം ഷൺമുഖൻ പറഞ്ഞു. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.