38 വർഷമായി യു.പിയിൽ മന്ത്രിമാരുടെ ആദായ നികുതി നൽകുന്നത്​ സർക്കാർ

കഴിഞ്ഞ വർഷം അടച്ചത് 86 ലക്ഷം രൂപ ലഖ്നോ: കഴിഞ്ഞ 38 വർഷമായി ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആ ദായ നികുതി നൽകുന്നത് സർക്കാർ ഖജനാവിൽനിന്ന്. 1981ൽ വി.പി സിങ് യു.പി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നിയമം കൊണ്ടുവന്നതെന്നും ഇത് തുടരുകമാത്രമാണ് ചെയ്തതെന്നും സംസ്ഥാന ഊർജമന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു. സർക്കാറാണ് മന്ത്രിമാരുടെ ആദായ നികുതി അടക്കുന്നതെന്ന് ചില രാഷ്ട്രീയ നേതാക്കൾക്കുപോലും അറിയില്ല. നിയമം നടപ്പാക്കിയതിനു ശേഷം യു.പിയിൽ 19 മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും ഭരണത്തിലിരുന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രിമാരുടെ ആദായ നികുതിയായി 86 ലക്ഷം രൂപയാണ് സർക്കാർ നൽകിയതെന്ന് ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 40 വർഷം മുമ്പ് മന്ത്രിമാരായിരുന്ന പലരും ദരിദ്ര പശ്ചാത്തലത്തിൽനിന്ന് വന്നവരായിരുന്നുവെന്നും ഇവർക്ക് ശമ്പളമല്ലാതെ മറ്റ് വരുമാനമുണ്ടായിരുന്നില്ലെന്നും വി.പി സിങ്ങിൻെറ സഹപ്രവർത്തകനായിരുന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ഇവരിൽ പലർക്കും ആദായനികുതി നൽകാനാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പിന്നീട് വന്ന മുഖ്യമന്ത്രിമാരിൽ പലരും കോടികളുടെ ആസ്തിയുള്ളവരായിരുന്നു. മന്ത്രിമാരുടെ ശമ്പളം പതിൻമടങ്ങ് വർധിച്ചെന്നും ഇപ്പോൾ നിയമം തുടരുന്നത് ശരിയല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പി.എൽ. പുനിയ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.