വർക്കല എസ്​.ആർ മെഡിക്കൽ കോളജിൽ ​ഡോക്​ടർമാരും രോഗികളു​മില്ലെന്ന്​ സർവകലാശാല റിപ്പോർട്ട്​

തിരുവനന്തപുരം: മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ വാടകക്ക് രോഗികളെ ഇറക്കിയ വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ വിദ ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് പരിശോധന നടത്തിയ വിദഗ്ധ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറി. മെഡിക്കല്‍ കോളജിനാവശ്യമായത്ര രോഗികളോ അധ്യാപകരോ ഇല്ലെന്നതടക്കം പ്രധാന ന്യൂനതകളാണ് സമിതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ, കോളജിനെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് റിപ്പോർട്ട് മൗനമവലംബിക്കുകയാണ് ചെയ്തത്. നിലവില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് കോളജില്‍ പഠനസൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതേത്തുടര്‍ന്നാണ് ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷൻെറ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനക്കായി സര്‍ക്കാര്‍ നിയോഗിച്ചത്. പഠനത്തിന് അടിസ്ഥാന ഘടകങ്ങളായി വേണ്ട അധ്യാപകരുടെ എണ്ണത്തില്‍ 60 ശതമാനം കുറവും രോഗികളുടെ എണ്ണത്തില്‍ 65 ശതമാനം കുറവുമാണ് സമിതി കണ്ടെത്തിയിട്ടുള്ളത്. അതേസമയം ലാബ്, ഹോസ്റ്റല്‍, ക്ലാസ് മുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊന്നും ഇവിടെ കുറവില്ലെന്നും കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയുടെയും സര്‍ക്കാറിൻെറയും പരിഗണനയിലിരിക്കുന്ന വിഷയമായതിനാലാണ് തുടര്‍നടപടികള്‍ ശിപാര്‍ശ ചെയ്യാത്തതെന്നാണ് സർവകലാശാല അധികൃതരുടെ വാദം. കഴിഞ്ഞമാസം 24ന് നടത്തിയ പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സിലും ചര്‍ച്ചചെയ്തിരുന്നു. പഠന സൗകര്യമില്ലാത്തതിനാല്‍ മറ്റു കോളജുകളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 2016 -17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും രംഗത്തുണ്ട്. എന്നാൽ, മാനേജ്മൻെറ് ക്വോട്ടയിൽ അഞ്ച് വർഷത്തെ ഫീസും ഒന്നിച്ച് നൽകിയ ഏതാനും വിദ്യാർഥികൾ മാനേജ്മൻെറ് അനുകൂല നിലപാടിലാണ്. ബി.ജെ.പിയുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ കേസിൽ അകപ്പെട്ട കോളജിൽ ഒരു വർഷത്തേക്ക് മാത്രമാണ് വിദ്യാർഥി പ്രവേശനാനുമതി ലഭിച്ചത്. ഇൗ ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥികളാണ് കോളജിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്. കോളജിൽ ഉടൻ പരിശോധന നടത്തണമെന്ന ഹൈകോടതി നിർദേശം മെഡിക്കൽ കൗൺസിൽ ഇതുവരെ പാലിച്ചിട്ടില്ല. പരാതിക്കാരായ വിദ്യാർഥികളിൽ 11 പേരെ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കി കോളജ് പ്രതികാര നടപടികളും സ്വീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.