മഴ: ആശങ്കപ്പെടേണ്ടതില്ല; ചെറിയ പ്രശ്​നവും ഗൗരവത്തോടെ കാണും -മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏത് ചെറിയ പ്രശ്‌നവും ഗൗരവത്തോടെ കാണുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച് മഴയെത്തുടർന്നുള്ള സാഹചര്യം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മേപ്പാടിയിൽനിന്നുള്ള വാർത്തകൾ ഗൗരവമായി കാണുന്നുണ്ട്. രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്ടറുകൾ സജ്ജമാക്കി. മഴ അൽപം കുറഞ്ഞാൽ ഹെലികോപ്ടറുകൾക്ക് പ്രശ്‌നമേഖലകളിലേക്ക് പോകാനാകുമെന്നാണ് കരുതുന്നത്. മലപ്പുറം, നിലമ്പൂർ ഉൾപ്പെടെ മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കിയിലും കനത്ത മഴയുണ്ട്. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാം വേഗം ഒരുക്കാൻ നടപടിയെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറാൻ സന്നദ്ധരാകണം. 13,000ത്തോളം പേർ വിവിധ ക്യാമ്പുകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.