മഴക്കെടുതി: ജനങ്ങൾക്ക്​ സഹായം എത്തിക്കണം -ചെന്നിത്തല

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നാൽ, അതിന് മുമ്പായി ജനങ്ങൾക്ക് കൃത്യമായ ജാഗ്രത നിര്‍ദേശം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാറ്റിപ്പാര്‍പ്പിക്കേണ്ടവരെ സുരക്ഷിതസ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ എല്ലാ ഡാമുകളിലെയും ജലനിരപ്പ് ക്രമാതീതമായി വർധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പലപ്രധാന നദികളും കരകവിഞ്ഞ് ഒഴുകിത്തുടങ്ങി. 2018ലെ പ്രളയദുരന്തത്തിൻെറ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും, ദുരന്തനിവാരണത്തിനാവശ്യമായ നടപടികളും അടിയന്തരമായി സ്വീകരിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ആശ്വാസധനസഹായം എത്തിക്കണം. പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കടലോരമേഖലയിലേയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.