സ്വയംസഹായ സംഘത്തിൻെറ പേരിൽ മൈക്രോഫിനാൻസ് വായ്പ തട്ടിപ്പെന്ന് വട്ടിയൂർക്കാവ്: സ്വയംസഹായ സംഘത്തിൻെറ പേരിൽ മൈക്രോഫിനാൻസ് വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. എസ്.എൻ.ഡി.പി യോഗം ഡോ. പൽപ്പു സ്മാരക വട്ടിയൂർക്കാവ് യൂനിയനിലെ ഒരു സ്വയംസഹായ സംഘത്തിൻെറ മറവിലാണ് പത്തുലക്ഷത്തിലേറെ വായ്പ തട്ടിപ്പ് നടന്നതായി വിവരങ്ങൾ പുറത്തുവന്നത്. സ്വയംസഹായ സംഘത്തിൽ അംഗങ്ങളെ കരുവാക്കി ശാഖാ യൂനിയൻ ഭാരവാഹികളിൽ ചിലരാണ് തട്ടിപ്പ് നടത്തിയതെന്ന് അംഗങ്ങൾ ആരോപിച്ചു. വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാറിൻെറയും തിരിച്ചറിയൽ കാർഡിൻെറയും പകർപ്പുകളും അപേക്ഷകളും വിവിധ പേപ്പറുകളും ഒപ്പിട്ട് വാങ്ങിയിരുന്നു. വായ്പ പാസാക്കുന്ന മുറക്ക് ഓരോ അംഗത്തിനും 50000 രൂപ ലഭിക്കുമെന്നും പറഞ്ഞുവിശ്വസിപ്പിച്ചിച്ചിരുന്നു. പക്ഷേ, സംഘത്തിലെ അംഗങ്ങൾക്കാർക്കും ഒരുരൂപപോലും വായ്പാ തുകയായി ലഭിച്ചില്ല. എന്നാൽ, ജൂലൈ 20ഓടെ സംഘത്തിലെ അംഗങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൻെറ ശാസ്തമംഗലം ശാഖയിൽനിന്ന് നോട്ടീസ് വന്നു. ഇതോടെയാണ് വായ്‌പ തട്ടിപ്പ് പുറത്തായത്. അംഗങ്ങളുടെ പേരിൽ യൂനിയൻ സെക്രട്ടറിയും വനിതാ സംഘം സെക്രട്ടറിയും ശാഖ കൺവീനറും ചേർന്നാണ് ബാങ്കിൽനിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതെന്ന് തട്ടിപ്പിനിരയായവർ ആരോപിച്ചു. എന്നാൽ, ഭാരവാഹികളോട് സംഘത്തിലെ അംഗങ്ങൾ ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോൾ വായ്‌പ അപേക്ഷകൾ യോഗം പാസാക്കിയില്ല എന്നായിരുന്നു മറുപടി. യോഗം ജനറൽ സെക്രട്ടറിയെ തട്ടിപ്പ് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ നിയമനടപടികൾക്കായി വട്ടിയൂർക്കാവ് പൊലീസ്, മനുഷ്യാവകാശ കമീഷൻ എന്നിവരെയും സമീപിക്കുമെന്ന് തട്ടിപ്പിനിരയായവർ അറിയിച്ചു. ഇതിനിടെ വിവരം പുറത്തറിഞ്ഞതോടെ രഹസ്യമായി സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.