തിരുവനന്തപുരം: സർവകലാശാലകളിൽനിന്ന് കോളജുകൾക്ക് നൽകുന്ന ഉത്തരക്കടലാസുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയർ അടിയന്തരമായി വികസിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ സർവകലാശാലകൾക്ക് നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സർവകലാശാലകളിലെ പി.വി.സി, പരീക്ഷ ചുമതലയുള്ള സിൻഡിക്കേറ്റ് മെംബർ, പരീക്ഷ കൺട്രോളർ എന്നിവരുമായി വിഡിയോ കോൺഫറൻസ് സംവിധാനം മുഖേന ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. അടുത്ത അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ഒന്നാം സെമസ്റ്റർ യു.ജി, പി.ജി ക്ലാസുകൾ ആരംഭിക്കും. സർവകലാശാലകൾ ഇതിനനുസൃതമായി അക്കാദമിക് കലണ്ടർ തയാറാക്കണം. പരീക്ഷ വിജ്ഞാപനം ചെയ്യുമ്പോൾ തന്നെ ഓരോവിഷയവും പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരുടെയും ലിസ്റ്റ് സർവകലാശാലകൾ തയാറാക്കണം. സഹകരിക്കാത്ത കോളജുകൾക്കെതിരെ കർശന നടപടിയെടുക്കും. പരീക്ഷ ചുമതലകളിൽ കൃത്യവിലോപം നടത്തുന്ന അധ്യാപകരുടെ വിവരങ്ങൾ സർവകലാശാലകൾ യഥാസമയം സർക്കാറിനെ അറിയിക്കണം. ഇവരുടെ ശമ്പളം തടയുന്നതുൾപ്പെടെ ശിക്ഷ നടപടികൾ കൈക്കൊള്ളും. എക്‌സാമിനേഷൻ മാന്വൽ കാലോചിതമായി പരിഷ്‌കരിക്കണം. വരുംവർഷങ്ങളിൽ മുൻകൂർ നിശ്ചയിക്കുന്ന തീയതികളിൽ തന്നെ റീവാല്യുവേഷൻ ഉൾപ്പെടെ എല്ലാ പരീക്ഷ പ്രവർത്തനങ്ങളും പൂർത്തീകരിക്കും. ഈവർഷം പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 30നുമുമ്പ് നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ അപ്‌ലോഡ് ചെയ്യും. സർട്ടിഫിക്കറ്റുകൾ ആധികാരികമായും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിന് ഇതുവഴി സാധിക്കും. യു.ജി പരീക്ഷകളെ പോലെ പി.ജി പരീക്ഷ നടപടികളും ഈ വർഷം മുതൽ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് സർവകലാശാലകൾക്ക് മന്ത്രി നിർദേശം നൽകി. പരീക്ഷയും മൂല്യനിർണയവും ഓൺലൈനായി നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും വിദ്യാർഥികൾക്ക് നൽകേണ്ടുന്ന എല്ലാ സേവനങ്ങളും ആഗസ്റ്റ് 30നുമുമ്പ് ഇ-ഗവേണൻസ് സംവിധാനത്തിൽ ലഭ്യമാക്കണമെന്നും യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചുമതല വഹിക്കുന്ന എ. ഷാജഹാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.