തെറ്റുതിരുത്താനുള്ള ഭേദഗതിയുമായി ബിൽ വീണ്ടും ലോക്സഭയിലേക്ക് ന്യൂഡൽഹി: തിരക്കിട്ട് ബില്ലുകൾ പാസാക്കുന്നതിനിടയിൽ ലോക്സഭ പാസാക്കിയ ബില്ലിൽ തെറ്റുണ്ടെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാറിൻെറ കുറ്റസമ്മതം. ലോക്സഭ പാസാക്കിയ മോേട്ടാർ വാഹന നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ കൊണ്ടുവന്നപ്പോൾ അസ്വാഭാവിക ഭേദഗതി കണ്ട് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് തെറ്റോടുകൂടിയ ബില്ലാണ് ലോക്സഭ പാസാക്കിയതെന്ന് കേന്ദ്ര ഗതാഗാത മന്ത്രി നിതിൻ ഗഡ്കരിക്ക് സമ്മതിക്കേണ്ടി വന്നത്. പാർലമൻെററി സമിതികളുടെ പരിശോധനയൊന്നും കൂടാതെ ബില്ലുകൾ ചുെട്ടടുക്കുന്നത് വിവാദമായതിനിടയിലാണ് സർക്കാറിന് നാണക്കേടുണ്ടാക്കിയ കുറ്റസമ്മതം. ബില്ലിലെ 93ാം വകുപ്പിൽ നാലാം ഉപവകുപ്പ് ഭേദഗതി ചെയ്തതായി കാണുന്നുണ്ടെന്ന് കോൺഗ്രസ് നേതാവായ ഹരിപ്രസാദ് ആണ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതിപക്ഷത്തിൻെറ ബഹളം അനുവദിക്കാതെ ബിൽ പാസാക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, ക്രമപ്രശ്നം ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് ഉപാധ്യക്ഷൻ ഹരിവംശ് റായ് വാശിപിടിച്ചു. തുടർന്ന് ആനന്ദ് ശർമയും ദിഗ്വിജയ് സിങ്ങും ഡെറിക് ഒബ്റേനും രംഗരാജനും അടക്കമുള്ളവർ പിന്തുണച്ചപ്പോഴാണ് ഹരിപ്രസാദിനെ വിഷയമുന്നയിക്കാൻ ഉപാധ്യക്ഷൻ അനുവദിച്ചത്. കൊണ്ടുവരുന്ന ഭേദഗതി പറഞ്ഞ മന്ത്രി ഇക്കാര്യം ബില്ലിൽ വ്യക്തമാക്കിയില്ലെന്ന് പറഞ്ഞു. ഇത് തെറ്റാണെന്നും സഭയെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഹരിപ്രസാദ് ആരോപിച്ചു. തുടർന്ന് രാജ്യസഭയിലെ ഉദ്യോഗസ്ഥ ഗാലറിയിലേക്ക് ഗഡ്കരി നേരിട്ട് പോയി എന്താണ് സംഭവിച്ചതെന്ന് ആരായുകയായിരുന്നു. അപ്പോഴാണ് താൻ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലെ തെറ്റ് മന്ത്രിയറിഞ്ഞത്. തുടർന്ന് ഇരിപ്പിടത്തിലേക്ക് തിരികെവന്ന് നടത്തിയ പ്രസ്താവനയിൽ ഗതാഗത സെക്രട്ടറിയുമായും നിയമ സെക്രട്ടറിയുമായും സംസാരിച്ചുവെന്നും ലോക്സഭ പാസാക്കിയ ബില്ലിൽ തെറ്റുപറ്റിയെന്ന് അവർ പറഞ്ഞുവെന്നും ഗഡ്കരി മറുപടി നൽകി. ലോക്സഭ പാസാക്കിയ ശേഷമാണ് തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. 93ാം വകുപ്പിൽ ഒന്നാം ഉപവകുപ്പിന് പകരം നാലാം ഉപവകുപ്പ് ചേർക്കുകയായിരുന്നു. ഇതുമൂലം ഉപവകുപ്പ് ഒന്ന് ഭേദഗതി ചെയ്യുന്നതിന് പകരം ഉപവകുപ്പ് നാലാണ് ഭേദഗതി ചെയ്തതെന്നും അക്ഷരത്തെറ്റ് കൊണ്ട് സംഭവിച്ച പിഴവാണ് അതെന്നും ഗഡ്കരി പറഞ്ഞു. മന്ത്രി സർക്കാറിന് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞേതാടെ ബില്ലിന്മേൽ ചർച്ചയുമായി പോകാൻ പ്രതിപക്ഷം സമ്മതിക്കുകയായിരുന്നു. ലോക്സഭയിൽ പാസാക്കാതിരുന്ന ഏതാനും ചില ഭേദഗതികൾ രാജ്യസഭയിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു. അതിെനാപ്പം തെറ്റുതിരുത്താനുള്ള ഇൗ ഭേദഗതിക്കും ലോക്സഭയുടെ അംഗീകാരം വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.