കെ.പി.സി.സി പുനഃസംഘടന: ജനപ്രതിനിധികളുടെ ഭാരവാഹിത്വവും​ വർക്കിങ്​​ പ്രസിഡൻറ്​ സ്​ഥാനവും കീറാമുട്ടി

തിരുവനന്തപുരം: ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കണമോ എന്നതും വർക്കിങ് പ്രസിഡൻറ് സ്ഥാനവും കെ.പി. സി.സി പുനഃസംഘടനയിൽ കീറാമുട്ടി. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ബുധനാഴ്ച ഇന്ദിര ഭവനിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാെത പിരിഞ്ഞു. പുനഃസംഘടന അനന്തമായി നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും ഇൗ മാസം 31നകം പൂർത്തീകരിക്കുമെന്ന തൻെറ ഉറപ്പ് പാലിക്കാൻ നേതാക്കൾ സഹകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ ഭാരവാഹിത്വത്തിലേക്ക് വരുന്നതിനോട് കെ.പി.സി.സി അധ്യക്ഷന് യോജിപ്പില്ല. പാർട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളും അതിനോട് വിയോജിക്കുകയാണ്. നേതൃത്വത്തിലേക്ക് അവർ നിർദേശിക്കാനിരിക്കുന്ന ചില പേരുകളെങ്കിലും നിലവിലെ ജനപ്രതിനിധികളുടേതാണ്. എന്നാൽ, ഇതിൻെറ പേരിൽ തർക്കിച്ച് പുനഃസംഘടന വൈകിപ്പിക്കേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി. ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടാണ് യോഗത്തിൽ പൊതുവെ ഉണ്ടായത്. ജന.സെക്രട്ടറിമാരുടെ എണ്ണം പരിമിതപ്പെടുത്തി ആവശ്യമെങ്കിൽ കൂടുതൽ സെക്രട്ടറിമാരെ നിശ്ചയിക്കാമെന്നാണ് ധാരണ. വർക്കിങ് പ്രസിഡൻറ് പദവി സൃഷ്ടിക്കുന്നതിനോടും മുല്ലപ്പള്ളിക്ക് വിയോജിപ്പുണ്ട്. പകരം വൈസ് പ്രസിഡൻറുമാർ മതി. എന്നാൽ, വർക്കിങ് പ്രസിഡൻറ് സ്ഥാനം വേണമെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും. ഇൗ സാഹചര്യത്തിൽ, പ്രബല ഗ്രൂപ്പുകളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി മുന്നോട്ടുപോകാൻ മുല്ലപ്പള്ളിക്കും ആഗ്രഹമില്ല. മറിച്ചായാൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന യാഥാർഥ്യം അദ്ദേഹവും മനസ്സിലാക്കിയിട്ടുണ്ട്. അതിനാലാണ് പരസ്പരം സഹകരിച്ച് ഭാരവാഹികളെ എത്രയുംവേഗം തീരുമാനിക്കാൻ സഹകരിക്കണമെന്ന നിർദേശം നേതാക്കൾക്ക് മുന്നിൽ അദ്ദേഹം വെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.