കല്ലട ബസിലെ പീഡനം: വനിത കമീഷൻ ഉടമയെ വിളിച്ചുവരുത്തി ശാസിച്ചു

*ബസുകളിൽ സ്ത്രീസുരക്ഷക്കായി പ്രത്യേക സംവിധാനം വേണം തിരുവനന്തപുരം: കല്ലട ബസ് സർവിസ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴു വൻ ബസ് സർവിസുകളിലും അന്തർസംസ്ഥാന റൂട്ടുകളിലും സ്ത്രീകൾക്ക് സുരക്ഷിത യാത്രാ സംവിധാനമൊരുക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിത കമീഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പ്രത്യേക കത്ത് നൽകും. കമീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനമെന്ന് അധ്യക്ഷ എം.സി. ജോസെഫെൻ അറിയിച്ചു. കല്ലട ബസിൽ യാത്രക്കാരിയെ ൈഡ്രവർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കമീഷൻ നേരത്തേ സ്വമേധയ കേസെടുത്തിരുന്നു. കല്ലട ബസ് ഉടമ സുരേഷിനെ വിളിച്ചുവരുത്തി ശാസിച്ചു. സ്ത്രീ സുരക്ഷക്കായി കെയർടേക്കറെ നിയമിക്കുന്നത് ഉൾപ്പെടെ സൗകര്യങ്ങൾ ബസിൽ ഏർപ്പെടുത്തണമെന്ന് നിർദേശിച്ചു. നിശ്ചിത ദൂരം പിന്നിടുമ്പോൾ സ്ത്രീ യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ബസ് നിർത്തണം. ടിക്കറ്റ് നൽകുമ്പോൾ തന്നെ ബസ് നിർത്തുന്ന സ്ഥലങ്ങൾ അതിൽ രേഖപ്പെടുത്തിയിരിക്കണം. ട്രാവൽസുകളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ അവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കണം. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബസ് ജീവനക്കാർക്ക് സ്ത്രീ സുരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നൽകണം. കല്ലട ബസ് ഉടമ എത്രയും വേഗത്തിൽ ഇക്കാര്യങ്ങൾ ചെയ്തശേഷം കമീഷനെ നേരിൽ അറിയിക്കണമെന്നും നിർദേശിച്ചു. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നൽകുന്ന കത്തിലും നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് ജോസെഫെൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.