ശമ്പളത്തിൽനിന്ന്​ കെ.എസ്​.ആർ.ടി.സി പിടിച്ചത് 4.60 ലക്ഷം, ബാങ്കിലടച്ചത് അരലക്ഷം - അ​േന്വഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: വായ്പ കുടിശ്ശിക വരുത്തിയതിന് ജീവനക്കാരൻെറ ശമ്പളത്തിൽനിന്ന് 4,60,000 ഈടാക്കിയ ശേഷം 50,000 രൂപ മാത്രം ബാ ങ്കിൽ അടച്ച കെ.എസ്.ആർ.ടി.സിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കെ.എസ്.ആർ.ടി.സി എം.ഡി നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി പാപ്പനംകോട് ടയർഷോപ്പിൽനിന്ന് ജൂൺ 30ന് വിരമിച്ച ചാർജ്മാൻ എം.എസ്. രവികുമാറാണ് പരാതിക്കാരൻ. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽനിന്ന് മൂന്നുലക്ഷവും അനന്തപുരം ബാങ്കിൽനിന്ന് ഒരു ലക്ഷവും രവികുമാർ വായ്പ എടുത്തിരുന്നു. ട്രാൻസ്പോർട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിൻെറ ശമ്പളത്തിൽനിന്ന് കോർപറേഷൻ ഈടാക്കിയിരുന്നു. മൊത്തം 4,60,000 രൂപയാണ് റിക്കവറി നടത്തിയത്. എന്നാൽ ട്രാൻസ്പോർട്ട് സൊസൈറ്റിയിൽ 30,000 രൂപയും അനന്തപുരം ബാങ്കിൽ 20,000 രൂപയും മാത്രമാണ് കോർപറേഷൻ അടച്ചതെന്നാണ് പരാതി. ബാക്കി തുക എവിടെ പോയെന്ന് കോർപറേഷൻ പറയുന്നില്ല. തുക യഥാസമയം അടക്കാത്തതിനാൽ ബാങ്കുകളുടെ നിയമനടപടിക്ക് താൻ വിധേയനാവുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. സർവിസിൽ ഉണ്ടായിരുന്നപ്പോൾ 36,000 രൂപ മാത്രമാണ് ശമ്പളം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് 20,000 രൂപ വീതം പിടിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ സൊസൈറ്റികൾ പിടിച്ചെടുക്കാൻ പോവുകയാണ്. തുക അടച്ചില്ലെങ്കിൽ ആകെയുള്ള സമ്പാദ്യം ജപ്തി ചെയ്യും. മകളുടെ വിവാഹം പോലും നടത്താനാകാത്ത അവസ്ഥയിലാണെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.