ഇവര്‍ നില്‍ക്കണോ പോണോ 168 ട്രാഫിക് വാര്‍ഡൻമാരുടെ പിരിച്ചുവിടൽ ഇന്ന്​ തീരുമാനിക്കും

നഗരത്തിലെ 168 ട്രാഫിക് വാര്‍ഡൻമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍യോഗം ചര്‍ച്ച ച െയ്യും തിരുവനന്തപുരം: നഗരത്തിലെ ട്രാഫിക് വാര്‍ഡന്മാരുടെ ഭാവി ഇന്നറിയാം. ഗതാഗതക്കുരുക്കിന് പരിഹാരംതേടി കോര്‍പറേഷന്‍ ആരംഭിച്ച പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം തുടരണമോ എന്ന കാര്യം ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷമായ ബി.ജെ.പിക്കൊപ്പം യു.ഡി.എഫ് കൗണ്‍സിലര്‍മാരും അണിനിരന്നാല്‍ പദ്ധതി അവസാനിപ്പിക്കിക്കേണ്ടിവരും. ഇതോടെ 168 ഓളം പേരുടെ ഉപജീവനമാണ് വഴിമുട്ടുക. ടൂവീലറിന് രണ്ടുരൂപയും ഫോര്‍വീലറിന് അഞ്ചുരൂപയുമാണ് ഒരു മണിക്കൂറിന് പാര്‍ക്കിങ് ഫീസായി ഈടാക്കുന്നത്. ഈ തുകയില്‍നിന്നാണ് നഗരസഭ ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. കഴിഞ്ഞ കൗണ്‍സിലിൻെറ കാലാവധി അവസാനിക്കുകയും പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായുമാണ് അന്നത്തെ കലക്ടറായിരുന്ന ബിജു പ്രഭാകര്‍ നഗരത്തിൻെറ വിവിധഭാഗങ്ങളില്‍ പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം കൊണ്ടുവന്നത്. റോഡരികുകളിലും ഇടറോഡുകളിലും തോന്നിയതുപോലെ വാഹനം പാര്‍ക്ക് ചെയ്തുപോകുന്നത് കിഴക്കേകോട്ടയിലും തമ്പാനൂരിലും വെള്ളയമ്പലത്തും രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു നടപടി. 2015 നവംബര്‍ രണ്ടുമുതലാണ് കലക്ടര്‍, മേയര്‍, നഗരസഭ സെക്രട്ടറി, നോര്‍ത്ത്-സൗത്ത് ട്രാഫിക് എ.സിമാര്‍, സിറ്റി പൊലീസ് കമീഷണര്‍, ട്രിഡ, റോഡ് ഫണ്ട് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി പണം പിരിക്കാന്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഭരണത്തിലെത്തിയ ഇടതുപക്ഷ കൗണ്‍സില്‍ പദ്ധതി തുടരാനും തീരുമാനിച്ചു. തുടക്കത്തില്‍ ഒരു ദിവസം 400 രൂപയാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. മൂന്നുമാസം മുമ്പ് ഇത് 500 രൂപയാക്കിയിരുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ എം.ജി റോഡില്‍ ആവിഷ്‌കരിച്ച പദ്ധതി വിജയമായതോടെ കിഴക്കേകോട്ട, കേശവദാസപുരം, കരമന, തമ്പാനൂര്‍ തുടങ്ങി നഗരത്തിലെ തിരക്കേറിയെ പല കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. എന്നാല്‍ പദ്ധതിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയതാണ് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയത്. പൊതുമരാമത്ത് വകുപ്പിൻെറ റോഡുകളില്‍ നഗരസഭക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അധികാരമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും നിയമസഭയിലടക്കം മന്ത്രി പറഞ്ഞു. ഇതിനെതിരെ മന്ത്രി കോര്‍പറേഷന്‍ സെക്രട്ടറിയും വിശദീകരണം ആരാഞ്ഞ് കത്ത് നല്‍കി. തുടര്‍ന്ന് മേയറും സെക്രട്ടറിയും മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ മന്ത്രി തയാറായില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം യൂനിവേഴ്‌സിറ്റി കോളജ് പരിസരത്തെയും സെക്രേട്ടറിയറ്റിന് സമീപത്തെയും പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം കോര്‍പറേഷന് അവസാനിപ്പിക്കേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.