കുളത്തൂപ്പുഴ-അഞ്ചല്‍ പാത അടച്ചത് യാത്രികര്‍ക്ക് വിനയായി

(ചിത്രം) കുളത്തൂപ്പുഴ: യാതൊരു മുന്നറിയിപ്പും നല്‍കാതെ പാതിരാത്രിയില്‍ കുളത്തൂപ്പുഴ-അഞ്ചല്‍ പാത പൂര്‍ണമായി അ ടച്ചത് ദീര്‍ഘദൂര യാത്രികരടക്കമുള്ള നാട്ടുകാര്‍ക്ക് വിനയായി. കഴിഞ്ഞ ദിവസം മലയോര ഹൈവേ നിര്‍മാണത്തിൻെറ പേരില്‍ ഭാരതിപുരം ജംങ്ഷന് മുന്നിലായി പാതക്ക് കുറുകെ കുഴിയെടുക്കുന്നതിനായാണ് പാത അടച്ചത്. സാധാരണ ഗതിയില്‍ റോഡിൻെറ ഒരു വശത്തു കൂടി വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കിയാണ് എല്ലായിടത്തും റോഡ് പണി നടക്കുന്നത്. ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയാണെങ്കില്‍ നേരത്തേ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയും ബുദ്ധിമുട്ട് കൂടാതെ സമാന്തര പാതകളിലൂടെ കടന്നുപോകുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, കഴിഞ്ഞ രാത്രിയില്‍ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ ഗതാഗതം തടസ്സപ്പെടുമെന്നുള്ള വിവരം കരാറുകാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പൊതുജനങ്ങളെ അറിയിച്ചിരുന്നില്ലെന്നു മാത്രമല്ല വഴിയിലെങ്ങും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതുമില്ല. ഭാരതീപുരത്തുനിന്ന് ഓയില്‍ പാമിൻെറ എണ്ണപ്പന തോട്ടത്തിലൂടെയുള്ള സമാന്തര പാതയിലൂടെ കടന്നുവന്നാല്‍ ചുരുങ്ങിയ കിലോമീറ്ററുകളില്‍ തടസ്സം മറികടന്ന് വരാമെന്ന വിവരം ആരും തന്നെ യാത്രികര്‍ക്ക് വ്യക്തമാക്കിയില്ല. അതിനാല്‍ തന്നെ തിരികെ അഞ്ചലിലേക്ക് മടങ്ങി ചണ്ണപ്പേട്ട - ചോഴിയക്കോട് - വഴി മുപ്പതിലധികം കിലോമീറ്റര്‍ ചുറ്റിയാണ് പുലര്‍ച്ച പല വാഹനങ്ങളും കുളത്തൂപ്പുഴയിലേക്കെത്തിയത്. ഗതാഗതം തടസ്സപ്പെട്ടതറിയാതെ ആശുപത്രിയിലേക്ക് പോകാനായി വഴിയില്‍ ബസ് കാത്തുനിന്നവരും ദീര്‍ഘ ദൂര യാത്രികരും ഏറെനേരം കാത്തുനിന്ന ശേഷം മറ്റു മാര്‍ഗങ്ങള്‍ തേടിയാണ് യാത്ര തുടരാനായത്. അര്‍ധരാത്രിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ വിവരം അന്വേഷിക്കാനെത്തിയ നാട്ടുകാരോട് തങ്ങള്‍ വിവരം പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നുള്ള മറുപടി മാത്രമാണ് കരാറുകാര്‍ നല്‍കിയത്. കോട്ടാത്തലയിൽ നിയന്ത്രണം വിട്ട ബസിടിച്ച് പോസ്റ്റ് തകർന്നു; ഒഴിവായത് വൻ ദുരന്തം (ചിത്രം) കൊട്ടാരക്കര: കൊട്ടാരക്കര -പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജങ്ഷനും പത്തടിക്കുമിടയിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വൈദ്യുതിപോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. 11 കെ.വി വൈദ്യുതി കടന്നുപോകുന്ന പോസ്റ്റാണ് ഇടിച്ചുതെറിപ്പിച്ചത്. പത്തടി തോടിനോട് ചേർന്നാണ് ബസ് നിന്നത്. വൻ അപകടം ഒഴിവായി. ആർക്കും പരിക്കില്ല. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാരുടെ സഹായത്തോടെ ശ്രമകരമായിട്ടാണ് യാത്രക്കാരെ പുറത്തിറക്കിയത്. പ്രദേശത്തെ വൈദുതി ബന്ധം തകരാറിലായി. റോഡ് നിർമാണം നടക്കുന്നതിനാൽ കുണ്ടും കുഴിയുമുള്ള റോഡായിട്ടും അമിത വേഗത്തിലാണ് ബസ് വന്നതെന്ന് നാട്ടുകാർ പറയുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.