കുന്നുകൾ ഇടിച്ചുനിരത്തുന്നത് കമ്യൂണിസ്​റ്റ്​ നേതാക്കൾക്ക്​ ലഹരി -മുല്ലപ്പള്ളി

തിരുവനന്തപുരം: കുന്നുകൾ കണ്ടാൽ ഇടിച്ചുനിരത്തുന്നത് കമ്യൂണിസ്റ്റ് നേതാക്കൾക്ക് എന്തെന്നില്ലാത്ത ലഹരിയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വി.ജെ.ടി ഹാളിൽ എം.പി. പത്മനാഭൻ അനുസ്മരണവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽവയൽ -തണ്ണീർത്തടം നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ, നിയമം നഗ്നമായി ലംഘിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ്. ആന്തൂരിൽ കുന്ന് ഇടിച്ച് നിരത്തിയത് സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. ഗുരുതരമായ തെറ്റാണ് മന്ത്രി ചെയ്തത്. പാർട്ടി ഇതുവരെ അതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. തലശ്ശേരി കണ്ടൽക്കാടുകളുടെ നാടാണ്. തലശ്ശേരി നഗരത്തിൽ പടുത്തുയർത്തിയ കോൺക്രീറ്റ് മന്ദിരങ്ങൾ കണ്ടൽക്കാടുകൾ വെട്ടി നിരത്തിയുള്ളതാണ്. അതെല്ലാം സി.പി.എമ്മുമായി ബന്ധമുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണ് ചെയ്തത്. അഴിമതിയുടെ അഗാധ ഗർത്തത്തിലേക്കാണ് സി.പി.എം വീണിട്ടുള്ളത്. മാഫിയാസംഘങ്ങൾ കണ്ണൂരിൽ പാർട്ടിയെ നിയന്ത്രിക്കുന്നു. മൂലധനശക്തികളുടെ സംരക്ഷകരായി കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ മാറി. അതിനാലാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വലിയ വോട്ടുചോർച്ചയുണ്ടായത്. വി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു. എം.പി. പത്മനാഭൻ സ്മാരക ട്രസ്റ്റ് ചെയർമാൻ സി.പി. ജോൺ, തമ്പാനൂർ രവി, എം.എസ്. കുമാർ, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ആക്കുളം വാർഡ് കൗൺസിലർ വി.ആർ. സിനിക്ക് പത്മനാഭൻ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു. 'നിക്ഷേപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' വിഷയത്തിൽ സെമിനാറും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.