- എൽ.ഡി.എഫ്​ യോഗം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യണം -സി.പി.ഐ; ശബരിമലയില്‍ ചര്‍ച്ചക്ക്​ തയാറെന്ന്​ കോടിയേരി

തിരുവനന്തപുരം: സര്‍ക്കാർ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുന്നണിയില്‍ ആശയവിനിമയം നടത്തണമെന്ന് എല്‍.ഡി.എഫ് സം സ്ഥാന കമ്മിറ്റി യോഗത്തില്‍ സി.പി.ഐ നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍ മറ്റ് ഘടകകക്ഷികള്‍ ശബരിമല വിഷയത്തിലെ 'പിഴവ്' ചൂണ്ടിക്കാട്ടുന്നതിനിടെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ ആവശ്യം ഉന്നയിച്ചത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഈ വിഷയം ഉന്നയിക്കാതെ സി.പി.ഐ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയത്. അതേസമയം ശബരിമല വിഷയത്തില്‍ മുന്നണിക്ക് തെറ്റുപറ്റി എന്ന് സി.പി.ഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികള്‍ യോഗത്തില്‍ പൊതുവിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് കാനം സര്‍ക്കാറിൻെറ പ്രവര്‍ത്തനം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച നേതൃത്വം വകുപ്പുതല അവലോകനങ്ങള്‍ക്കായി മുഖ്യമന്ത്രി തയാറാക്കുന്ന കുറിപ്പിൻെറ അടിസ്ഥാനത്തില്‍ മുന്നണി യോഗം വിളിക്കാമെന്നും തീരുമാനിച്ചു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ ഘടകകക്ഷികളാണ് ശബരിമല വിഷയത്തില്‍ മുന്നണിക്ക് പിഴവുപറ്റിയെന്ന് വിമര്‍ശിച്ചത്. പരമ്പരാഗത എല്‍.ഡി.എഫ് വോട്ടിലെ വന്‍ചോര്‍ച്ച ചൂണ്ടിക്കാണിച്ച എല്‍.ജെ.ഡി സെക്രട്ടറി ജനറല്‍ ഷേക്ക് പി. ഹാരിസ്, വനിതാ മതിലിനുശേഷം രണ്ട് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് തുറന്നടിച്ചു. ശബരിമല വിഷയത്തില്‍ ഒന്നും മിേണ്ടണ്ടെന്ന തീരുമാനത്തോടെ എതിരാളികളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍, വനിതകളെ കയറ്റിയത് പൊലീസാണെന്നും സര്‍ക്കാറല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ സാഹചര്യത്തില്‍ ഉണ്ടായ വസ്തുതകളെ അങ്ങനെതന്നെ കാണണമെന്നും തിരുത്തൽ നടപടികളിലേക്ക് മുന്നണി കടക്കണമെന്നും ഫ്രാന്‍സിസ് ജോർജ് അഭിപ്രായപ്പെട്ടു. ഇതിനിടെ ചര്‍ച്ചയിലിടപെട്ട ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റിയേ തീരൂ എന്ന് ആവശ്യപ്പെട്ടു. തെറ്റിദ്ധാരണ മധ്യസ്ഥതയിലൂടെതന്നെ തീര്‍ക്കണമെന്ന് എന്‍.എസ്.എസിൻെറ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നായിരുന്നു ഇതിന് കോടിയേരി ബാലകൃഷ്ണൻെറ മറുപടി. ചര്‍ച്ചക്ക് വരേണ്ടവര്‍ തയാറല്ലെന്ന് പറഞ്ഞാല്‍ പിന്നെന്തു ചെയ്യാന്‍? ഇടപെടാന്‍ കഴിയുന്നവര്‍ക്ക് ഇടപെടാം -കോടിയേരി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ശബരിമല വലിയതോതില്‍ ബാധിച്ചെന്നാണ് സി.പി.എമ്മിൻെറയും വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിൻെറ ഭാഗത്തുനിന്ന് തെറ്റായ നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, വ്യാപക തെറ്റിദ്ധാരണ ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ മാറ്റാന്‍ ഫലപ്രദമായ നടപടികളെല്ലാം ചെയ്യും. എന്നാല്‍, സുപ്രീംകോടതിയില്‍ ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹരജി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോടിയേരി പറഞ്ഞു. ഇതിനിടെ ന്യൂനപക്ഷ ഏകീകരണവും എല്‍.ഡി.എഫിന് തിരിച്ചടിയായെന്നും സമുദായ സംഘടനകളെ ഒരുമിപ്പിച്ച് ലീഗാണ് ഇതിന് പ്രചാരണം നടത്തിയതെന്നും കോടിയേരി പറഞ്ഞു. ഈ പരാമര്‍ശത്തോട് പ്രതികരിച്ച ഐ.എന്‍.എല്‍ പ്രതിനിധി ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകളെ വെറുതേ വലുതാക്കരുതെന്ന് അഭിപ്രായപ്പെട്ടു. എന്‍.ജി.ഒ യൂനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി യോഗത്തിനിടെ പോയ മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചര്‍ച്ചയുടെ വിവരങ്ങള്‍ കോടിയേരി അദ്ദേഹത്തോട് വിശദീകരിച്ചു. വിശ്വാസികളുടെ ഇടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ എല്ലാ നടപടികളും എടുക്കാമെന്നായിരുന്നു പിണറായി വിജയൻെറ പ്രതികരണം. ആറിടത്തെ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് ആരംഭിക്കാനും എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഈ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി ജൂണ്‍ 25നകം വിളിച്ചുചേര്‍ക്കാന്‍ ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.