ആറ്റിങ്ങല്‍ ബൈപാസ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും ആശങ്കയിലേക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബൈപാസ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും ആശങ്കയിലേക്ക്. 3എ വിജ്ഞാപനം അനുസരിച്ചുള ്ള സർവേ പൂര്‍ത്തിയായെങ്കിലും 3ഡി വിജ്ഞാപനം ഇറങ്ങാത്തതാണ് കാരണം. നിലവിലെ സാഹചര്യത്തില്‍ ഇതില്‍ കാലതാമസം ഉണ്ടായേക്കും. നിശ്ചിത കാലയളവിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ മുന്‍ വിജ്ഞാപനത്തിൻെറ അവസ്ഥ വീണ്ടും ഉണ്ടാവുകയും ആദ്യം മുതല്‍ സർവേ നടപടികള്‍ ആരംഭിക്കേണ്ടിയും വരും. നിര്‍ദിഷ്ട ആറ്റിങ്ങല്‍ ബൈപാസുള്‍പ്പെടുന്ന കടമ്പാട്ടുകോണം മുതല്‍ മാമം വരെയുള്ള ദേശീയപാതാവികസനത്തിൻെറ സര്‍വേ നടപടികള്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. മാമം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സര്‍വേ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഇതോടെ കടമ്പാട്ടുകോണം-കഴക്കൂട്ടം പാതാവികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള 3ഡി വിജ്ഞാപനത്തിനുള്ള രേഖകള്‍ ദേശീയപാതാവികസന അതോറിറ്റിക്ക് റവന്യൂ വിഭാഗം കൈമാറുകയും ചെയ്തു. 3എ വിജ്ഞാപനത്തിൻെറ കാലാവധി ജൂണ്‍ ഏഴിന് അവസാനിച്ചു. ഈ വിജ്ഞാപനമനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും 3ഡി വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണം. സമീപകാലത്ത് കേന്ദ്ര ഉപരിതലഗതാഗത വകുപ്പില്‍നിന്ന് കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുണ്ടായ ചില ഉത്തരവുകളാണ് വിജ്ഞാപനം വൈകുന്നതിന് കാരണമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഉത്തരവുകളില്‍ വ്യക്തത വന്നാല്‍ മാത്രമേ തുടര്‍നടപടികള്‍ ദേശീയപാത അതോറിറ്റിയില്‍നിന്ന് ഉണ്ടാവുകയുള്ളൂ. കടമ്പാട്ടുകോണം-കഴക്കൂട്ടം പാതാവികസനം ഒറ്റവിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നതാണ്. രണ്ട് സ്പെഷല്‍ താലൂക്ക് ഒാഫിസിൻെറ കീഴിലായാണ് റവന്യൂ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ചിറയിന്‍കീഴ് താലൂക്ക് പരിധിയിലെ കിഴുവിലം, ആറ്റിങ്ങല്‍, കീഴാറ്റിങ്ങല്‍, കരവാരം വില്ലേജുകളിലെയും വര്‍ക്കല താലൂക്ക് പരിധിയിലെ മണമ്പൂര്‍, ഒറ്റൂര്‍, കുടവൂര്‍, നാവായിക്കുളം വില്ലേജുകളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പദ്ധതിക്കായി 1332 സബ്ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന 50.8763 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 3500ലധികം വ്യക്തികളുടെ കൈവശത്തിലാണ് ഈ ഭൂമിയിപ്പോള്‍. റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്ന രേഖകള്‍ ദേശീയപാതാവിഭാഗം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും. 3ഡി വിജ്ഞാപനം സമയബന്ധിതമായി പ്രസിദ്ധീകരിച്ചാല്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാം. കടമ്പാട്ടുകോണം മുതല്‍ മാമം വരെയുള്ള പ്രദേശത്തെ സർവേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ആറ്റിങ്ങല്‍ സ്പെഷല്‍ താലൂക്ക് ഒാഫിസിലെ 44 ജീവനക്കാര്‍ക്ക് ജില്ല കലക്ടര്‍ സദ്സേവനരേഖയും അനുവദിച്ചിരുന്നു. ആറ്റിങ്ങല്‍ ബൈപാസിേൻറതുള്‍പ്പെടെയുള്ള 45 മീറ്റര്‍ വീതിയില്‍ 17 കിലോമീറ്റര്‍ റോഡിനാവശ്യമായ ഭൂമിയുടെ സര്‍വേ നടപടികളാണ് ആറ്റിങ്ങല്‍ സ്പെഷല്‍ താലൂക്ക് ഒാഫിസ് കേന്ദ്രീകരിച്ച് നടന്നത്. സ്പെഷല്‍ തഹസില്‍ദാരായ ശ്രീകുമാറിൻെറ നേതൃത്വത്തില്‍ 23 സർവേയര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സമയപരിധിക്കുള്ളില്‍ സർവേനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സംസ്ഥാനസര്‍ക്കാറിൻെറ ശക്തമായ ഇടപെടലുകളുണ്ടായിട്ടുണ്ട്. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ പാതാവികസനത്തിനായി മൂന്നാം തവണയാണ് 3എ വിജ്ഞാപനം വരുന്നത്. മുമ്പ് രണ്ടുതവണ വിജ്ഞാപനം വന്നപ്പോഴും സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ നടപടികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കര്‍ശനനിർദേശം നൽകിയിരുന്നു. തടസ്സങ്ങളൊഴിവാക്കാന്‍ ബി. സത്യന്‍ എം.എല്‍.എ നിരന്തരം അധികൃതരുമായി ഇടപെട്ടുകൊണ്ടിരുന്നു. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ആറ്റിങ്ങലില്‍ സ്പെഷല്‍ താലൂക്ക് ഒാഫിസ് അനുവദിച്ചത്. പ്രവൃത്തിദിവസങ്ങളില്‍ കൂടുതല്‍ സമയമെടുത്തും അവധി ദിവസങ്ങളില്‍ക്കൂടി ജോലിചെയ്തുമാണ് ജീവനക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ നടത്തിയ കഠിനപരിശ്രമവും പാഴാകുന്ന അവസ്ഥയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.