കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം പാസാക്കും -മന്ത്രി

തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം ഈ സർക്കാറിൻെറ കാലത്ത് തന്നെ പാസാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. മായം കലർന്ന പാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നത് തടയാൻ രണ്ട് ചെക്പോസ്റ്റുകളും ലാബും മീനാക്ഷിപുരത്തും ആര്യങ്കാവിലും ആരംഭിച്ചു. മൂന്നാമത്തേത് പാറശ്ശാലയിൽ ഉടൻ ആരംഭിക്കും. ലോക ക്ഷീര ദിനാചരണത്തിൻെറയും ശിൽപശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാൽ ഉൽപാദനം വർധിപ്പിച്ച് സ്വയംപര്യാപ്തയോട് അടുക്കുകയാണ് കേരളം. പ്രളയം വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞവർഷം തന്നെ സ്വയംപര്യാപ്തത നേടിയേനെ. കേരളത്തിലെ ക്ഷീരമേഖലയെ സജീവമാക്കാനും കർഷകർക്ക് ആത്മവിശ്വാസവും സഹായവും നൽകാനും ഈ സർക്കാറിൻെറ കാലത്ത് സാധിച്ചു. ക്ഷീരകർഷകൻെറ കടം എഴുതിത്തള്ളാൻ ആദ്യമായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തുകയും നൽകുകയും ചെയ്തു. വായ്പ കുടിശ്ശികയായ കർഷകർക്ക് പലിശ സബ്‌സിഡിയായി അയ്യായിരം രൂപ വീതം നൽകാനുള്ള പദ്ധതി നടപ്പാക്കി. പ്രളയബാധിത മേഖലകളിൽ 43 കോടി രൂപയുടെ പദ്ധതി കേന്ദ്രസഹായത്തോടെ അനുവദിച്ചതിൻെറ പ്രവർത്തനം ആരംഭിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ എലിവേറ്റഡ് കാറ്റിൽ ഷെഡ് നിർമിക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അത്തരം മേഖലകളിൽ തദ്ദേശസ്ഥാപനങ്ങൾ സ്ഥലം കണ്ടെത്താൻ മുന്നോട്ടുവരണം. പാലിൻെറ വില വർധിപ്പിച്ചതിൻെറ ഏറിയപങ്കും കർഷകന് ലഭിക്കുംവിധമാണ് നൽകിയത്. ഈ വർഷത്തെ ബജറ്റിലും ക്ഷീരമേഖലക്ക് 107 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ വഴിയും അതിലേറെ തുക നൽകുന്നുണ്ട്. കഴിഞ്ഞവർഷം ഇത്തരത്തിൽ 400 കോടിയിലേറെ രൂപയുടെ പ്രവർത്തനം ഏറ്റെടുക്കാനായി. ഇത് മുമ്പെങ്ങുമില്ലാത്ത നേട്ടമാണ്. വരുംവർഷങ്ങളിൽ ക്ഷീരമേഖലയിൽ ഒന്നാമതാകാൻ കേരളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, കാർഷികോൽപാദന കമീഷണർ ദേവേന്ദ്രകുമാർ സിങ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ഗീത എന്നിവർ സംബന്ധിച്ചു. സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.