ആറ്റിങ്ങല്‍: ചെറിയ മഴയിലും വെള്ളക്കെട്ട് രൂപപ്പെട്ട് ആലംകോട് ജങ്ഷന്‍. ഓട നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ള ക്കെട്ടിന് കാരണമെന്ന് ആക്ഷേപം. നഗരസഭാ പരിധിയില്‍ ടൗണ്‍ പ്രദേശം കഴിഞ്ഞാലുള്ള ഏറ്റവും തിരക്കേറിയ ജങ്ഷനാണ് ആലംകോട്. ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ആലംകോട് ജങ്ഷനിലേക്കാണ് കിളിമാനൂര്‍, കടയ്ക്കാവൂര്‍ റോഡുകളും വന്നുചേരുന്നത്. തിരക്കേറിയതും പ്രധാന വ്യാപാരകേന്ദ്രവുമായ ഇവിടെ രണ്ട് മാസത്തിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ ഓടയുടെ നിർമാണം ആരംഭിച്ചിരുന്നു. മഴക്കാലത്തെ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഓടയിലേക്ക് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മാലിന്യം ഒഴുക്കിവിടുന്നത് തടയാനും ലക്ഷ്യമിട്ടാണ് പുതിയ ഓട നിർമിച്ചത്. എന്നാല്‍, തറനിരപ്പില്‍നിന്ന് ഏറെ ഉയര്‍ത്തിയാണ് ഓട നിർമിച്ചിട്ടുള്ളത്. ഇതിനാല്‍തന്നെ റോഡിലെ വെള്ളം ഓടയിലിറങ്ങാതെ റോഡില്‍ കെട്ടിനില്‍ക്കുകയാണ്. ഈ ഭാഗത്ത് നേരത്തേ ഓട നിറഞ്ഞ് മലിനജലം റോഡിലേക്കിറങ്ങുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നഗരസഭ ഓടയുടെ ഉയരം കൂട്ടിയത്. ഉയരം കൂട്ടിയത് കാരണം റോഡിലെ മഴവെള്ളം അവിടെ തന്നെ കെട്ടിനിന്ന് ചളിക്കെട്ടാകുന്ന അവസ്ഥയാണ്. സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പ്രവേശനവും പ്രയാസകരമായരീതിയിലാണ്. ഓട നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോംപ്ലക്‌സിനുള്ളിലേക്ക് വാഹനങ്ങള്‍ കയറിപ്പോകാനുള്ള സംവിധാനം ഒരുക്കാന്‍ സാധിക്കൂ. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജങ്ഷനിൽ ഇൻറര്‍ലോക്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.