ഇനിയൊരാളും പേവിഷത്താൽ മരിക്കരുത്​; മുൻകരുതലിന്​ നിർദേശം

തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ മൂന്ന് മരണങ്ങളുണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിർദേശം. പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുത്ത മൃഗമാണ് കടിച്ചതെങ്കിലും, മുറിവ് തീരെ ചെറുതാണെങ്കിലും നിസ്സാരമായി കാണരുത്. ഉടന്‍ ചികിത്സ തേടണം. പ്രതിരോധ കുത്തിെവപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യ വകുപ്പിൻെറ കണക്കനുസരിച്ച് 2018ല്‍ ആറുപേരും 2019ല്‍ ഒരാളുമാണ് പേവിഷബാധ സ്ഥിരീകരിച്ച് മരിച്ചത്. കന്യാകുമാരി സ്വദേശിയായ 30 വയസ്സുകാരനും ചികിത്സ തേടാതെ വെമ്പായം സ്വദേശിയായ എട്ടുവയസ്സുകാരനും പേവിഷബാധ സംശയിച്ച് അടുത്തിടെ മരിച്ചു. പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്. എന്നാല്‍, അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവെപ്പുകളിലൂടെയും പൂര്‍ണമായും പ്രതിരോധിക്കാമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ കോഒാഡിനേറ്ററും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ഇന്ദു പി.എസ് പറഞ്ഞു. നായ് മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍നിന്നും വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധേയല്‍ക്കാം. ഇവയുടെ കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകണം. അണുക്കളുടെ ഭൂരിഭാഗവും നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയും. വൈകാതെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയില്‍ എത്തിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.