വർക്കല: രണ്ട് വധശ്രമക്കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. വർക്കല വെട്ടൂർ ആശാൻമുക്ക് വാഴവിള വീട്ടിൽ സൈജു (23), ഇയാളുടെ കൂട്ടാളി പുളിമുക്കിൽ വട്ടവിള വീട്ടിൽ മുഹമ്മദ് (24) എന്നിവരാണ് പിടിയിലായത്. കല്ലറ പാങ്ങോട് നിന്നാണിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ പതിവായി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വർക്കല, പുത്തൻചന്ത, ചിലക്കൂർ, കല്ലമ്പലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പതിവായി കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിവരുന്നത് പ്രതികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് കഴിഞ്ഞ 16ന് ചിലക്കൂർ സ്വദേശിയായ സർജാനെ കമ്പിവടിയും ഇരുമ്പുകട്ടിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സൈജു വേറെയും കേസുകളിലെ പ്രതിയാണ്. വർക്കല, നെടുമങ്ങാട് കോടതികളിൽ ഇരുവർക്കുമെതിരെ വാറൻറുകളും നിലവിലുണ്ട്. 2006 മേയിൽ കടകംപള്ളി സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിലും കവലയൂർ ശിവലിംഗം ആശാരിയുടെ ചെറുന്നിയൂരിലെ ഗോൾഡ് വർക്സ് സ്ഥാപനം 2013ൽ കുത്തിത്തുറന്ന് ഒന്നരകിലോ വെള്ളിയാഭരണങ്ങളും അഞ്ച് പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിലും പ്രതിയാണ് സൈജു. ഇയാളുടെ കൂട്ടാളിയാണ് മുഹമ്മദെന്നും പൊലീസ് പറഞ്ഞു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.