ആറ്റിങ്ങല്‍: വക്കം പണയില്‍കടവ് വിനോദസഞ്ചാര മേഖല ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. കഠിനംകുളം കായലോര വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായ പണയില്‍കടവും പൊന്നുംതുരുത്തും ഉള്‍പ്പെടെ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. കഠിനംകുളം കായല്‍ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധപ്പെടുത്തി പണയില്‍കടവില്‍ ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പണയില്‍കടവ് കായലും സമീപത്തെ പ്രദേശവും മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി. ബി. സത്യന്‍ എം.എല്‍.എയുടെ അഭ്യർഥന പ്രകാരമാണ് മന്ത്രി എത്തിയത്. ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് വക്കം-ചെറുന്നിയൂര്‍ പഞ്ചായത്തുകള്‍ കൂടിച്ചേരുന്ന പണയില്‍കടവ് എന്നും ഇവിടെ എന്തുകൊണ്ടും ടൂറിസം പദ്ധതി ആരംഭിക്കാന്‍ അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറിയ ദ്വീപായി കണക്കാക്കപ്പെടുന്ന പണയില്‍കടവ് കായലിലെ പൊന്നുംതുരുത്ത് മുമ്പ് വനം മന്ത്രി കെ. രാജു സന്ദര്‍ശിക്കുകയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊന്നുംതുരുത്തിന് സമീപത്തുനിന്ന് കുളമുട്ടത്തേക്കും കവലയൂരിലേക്കും വര്‍ക്കലയിലേക്കും ആറ്റിങ്ങലിലേക്കും പോകാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം ബി. സത്യന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാബീഗം, വക്കം പഞ്ചായത്ത് പ്രസിഡൻറ് എസ്. വേണുജി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നൗഷാദ്, ജി. രഘുവരന്‍, എ. നസീമാബീവി, ഡി. അജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.