വർക്കല: മാതൃകാധ്യാപകനും സംസ്ഥാന സർക്കാർ അവാർഡ് ജേതാവുമായ എസ്. ശ്രീലാൽ സർവിസിൽനിന്ന് വിരമിക്കുന്നു. വർക്കല ഗവ. എൽ.പി.ജി.എസിനെ അംഗീകാരങ്ങളിലേക്ക് എത്തിച്ചശേഷമാണ് വിരമിക്കൽ. പതിറ്റാണ്ടുകൾ നീണ്ട അധ്യാപനജീവിതത്തോട് വരുന്ന 31ന് വിടപറയും. ഏഴു വർഷത്തെ പ്രഥമാധ്യാപന സേവനത്തിനുശേഷമാണ് പടിയിറക്കം. ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികളാണ് ഇപ്പോൾ എൽ.പി.ജി.എസിലുള്ളത്. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളും ഇതാണ്. അധ്യാപനരംഗത്തെ പ്രവർത്തന മികവിന് ഇദ്ദേഹത്തെതേടി നിരവധി അംഗീകാരങ്ങളാണ് എത്തിയത്. 2015-16ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ അവാർഡ്, എം.എൻ.വി.ജി അടിയോടി പുരസ്കാരം, മലയാള സാംസ്കാരികവേദിയുടെ ജനമിത്ര പുരസ്കാരം, ഗുരുവരുൾ സ്റ്റഡി സർക്കിൾ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2016-17ലെ മികച്ച സ്കൂൾ പി.ടി.എക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2015-16 മുതൽ പ്രവർത്തനമികവിനുള്ള വർക്കല വിദ്യാഭ്യാസ ഉപജില്ല അവാർഡ് തുടങ്ങിയവ തുടർച്ചയായി സ്കൂളിന് നേടിക്കൊടുക്കുന്നതിനും നേതൃത്വം സഹായകമായി. 2017ൽ സ്കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാനും സാധിച്ചു. സ്കൂളിലെ രക്ഷാകർതൃ സൗഹൃദ ഓഫിസും ഗുരുതരരോഗങ്ങൾ ബാധിച്ച രക്ഷിതാക്കൾക്കുള്ള 'പ്രതീക്ഷാ സാന്ത്വന പദ്ധതി', മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്കൂൾ ദത്തെടുത്ത് പഠിപ്പിക്കുന്ന 'താലോലം' പദ്ധതി എന്നിവ നടപ്പാക്കി വിജയിപ്പിച്ചത് ശ്രീലാലിൻെറ നേതൃത്വത്തിലാണ്. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.