തിരുവനന്തപുരം: കേരള പുനർനിർമാണ ധനസമാഹരണത്തിന് സംഘടിപ്പിച്ച സ്‌പോർട്‌സ് കേരള ട്രിവാൻഡ്രം മാരത്തണിന് പൊതുജനങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണം. ശനിയാഴ്ച അർധരാത്രി മുതൽ തിരുവനന്തപുരം നഗരവീഥികൾ നിറഞ്ഞൊഴുകിയ മാരത്തൺ ഞായറാഴ്ച 11ഓടെ മാനവീയം വീഥിയിൽ സമാപിച്ചു. മൂവായിരത്തോളം പേരാണ് മാരത്തണിൽ പങ്കെടുത്തത്. 42.19 കിലോമീറ്റർ ഫുൾ മാരത്തൺ പുരുഷവിഭാഗത്തിൽ എം. മുനിയപ്പൻ ഒന്നാംസ്ഥാനം നേടി. രണ്ടുമണിക്കൂർ 45 മിനിറ്റ് 45 സെക്കൻറ് എടുത്താണ് സേലം എടപ്പാടി സ്വദേശി മുനിയപ്പൻ മത്സരം പൂർത്തിയാക്കിയത്. ഫുൾ മാരത്തണിൽ ഹർമൻ ബിഷ്‌ണോയ് രണ്ടാംസ്ഥാനവും വിനോദ്കുമാർ മൂന്നാംസ്ഥാനവും നേടി. 21.09 കിലോമീറ്ററുള്ള ഹാഫ് മാരത്തൺ പുരുഷവിഭാഗത്തിൽ രാഹുൽ കമൽ ഒന്നാമതും അഭിലാഷ് ആർ രണ്ടാമതും രാംകുമാർ സി മൂന്നാംസ്ഥാനവും നേടി. ഹാഫ് മാരത്തൺ വനിത വിഭാഗത്തിൽ കലൈസെൽവി ഒന്നാമതെത്തി. രശ്മി രണ്ടാമതും സോയാ സിയാ മൂന്നാമതുമായി. 10 കിലോമീറ്റർ റണ്ണിൽ വനിത വിഭാഗത്തിൽ പ്രീതാ സുജീത വാര്യർ, അംബിക രാമചന്ദ്രൻ, ടാനിയ ലിസ് പ്രദീപ് എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി. പുരുഷവിഭാഗത്തിൽ അഭിനന്ദ് സുന്ദരേശനും ആദ്യസ്ഥാനം നേടി. അപ്പളനായിഡു, ശിവപ്രസാദ് കെ. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫുൾ മാരത്തണിൽ വിജയികളാകുന്നവർക്ക് ഒരുലക്ഷം രൂപയും, ഹാഫ് മാരത്തണിൽ വിജയിക്കുന്നവർക്ക് 50,000 രൂപയും, 10 കിലോമീറ്റർ റണ്ണിൽ വിജയിക്കുന്നവർക്ക് 20,000 രൂപയുമാണ് കാഷ് അവാർഡ്. വിജയികൾക്കുള്ള സമ്മാനദാനം കായികമന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. എല്ലാവർഷവും നവംബറിൽ എല്ലാ ജില്ലകളിലും മാരത്തൺ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, കായിക-യുവജനകാര്യ ഡയറക്ടർ സഞ്ജയൻ കുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.