യൂനിടെക്​ മേധാവികൾക്ക്​ തിഹാറിൽ ഒാഫിസും​ ആഡംബര സൗകര്യങ്ങളും; രൂക്ഷ വിമർശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വഞ്ചന കേസിൽ തിഹാർ ജയിലിൽ കഴിയുന്ന യൂനിടെക് മേധാവികൾക്ക് ഇൻറർനെറ്റ് സൗകര്യമുള്ള ഒാഫിസ് മുറി അടക്കം ആഡംബര സൗകര്യങ്ങൾ ഒരുക്കിയതായ റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിയമത്തെ മറികടക്കുന്ന സമാന്തര സംവിധാനമാണോ ജയിലുകളിൽ എന്നു ചോദിച്ച കോടതി, കേന്ദ്രത്തോട് കർശന നടപടി എടുക്കാനും നിർദേശിച്ചു. ഭവനനിർമാണ വഞ്ചന കേസിൽ ശിക്ഷ അനുഭവിക്കുന്ന യൂനിടെക് എം.ഡി സഞ്ജയ് ചന്ദ്ര, സഹോദരൻ അജയ് എന്നിവർ ജയിലിൽ ആഡംബര ജീവിതം നയിക്കുകയാണെന്നും അധികൃതർ ഇതെല്ലാം ഒരുക്കിക്കൊടുക്കുകയാണ് എന്നുമുള്ള മറ്റ് അന്തേവാസികളുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്. തുടർന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ജയിലിൽ പരിശോധന നടത്തി പരാതിയിൽ കഴമ്പുള്ളതായി റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ തിഹാർ ജയിൽ അധികൃതർക്കും ജയിൽ വകുപ്പ് മേധാവിക്കും എതിരെ കേസെടുക്കാവുന്നതാണെന്നും ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു. ''യൂനിടെക് മേധാവികൾ തിഹാറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കഴിയുന്നത് എന്ന് പറയുന്നത് ഒരു ജഡ്ജിയുടെ റിപ്പോർട്ടാണ്. ജയിലുകളിൽ സമാന്തര സംവിധാനം നിലവിലുണ്ടോ? അവർക്ക് പ്രത്യേക അധികാരങ്ങളുണ്ടോ? ഇതു സംബന്ധിച്ച് എന്താണ് നിങ്ങൾ ചെയ്തിട്ടുള്ളത്? '' -ജസ്റ്റിസ് മദൻ ബി . ലോകുർ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയോട് ചോദിച്ചു. അവർക്ക് ടി.വിയും സോഫയും ഉണ്ട്. മറ്റെന്തൊക്കെയാണ് അവർക്ക് ലഭിക്കുന്നതെന്ന് ദൈവത്തിനറിയാമെന്ന് ബെഞ്ച് പരിഹസിച്ചു. വിഷയത്തിൽ കർശനമായി ഇടപെടുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.