ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം 10നും 11നും എറണാകുളത്ത്

തിരുവനന്തപുരം: മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മത്സ്യവിഭവ ശോഷണം ചെറുക്കുന്നതിനും ഉൽപാദനവര്‍ധന ഉറപ്പാക്കുന്നതിനുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ദ്വിദിന സമ്മേളനം 10നും 11നും എറണാകുളത്ത് നടക്കും. സി.എം.എഫ്.ആര്‍.ഐ സമ്മേളന ഹാളില്‍ നടക്കുന്ന സമ്മേളനം 10ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഫിഷറീസ് മന്ത്രിമാരും ലക്ഷദ്വീപിലെയും അന്തമാന്‍ നികോബാറിലെയും ഉദ്യോഗസ്ഥരും സംബന്ധിക്കും. ദേശീയ സമുദ്രമത്സ്യബന്ധന നയത്തിനകത്ത് നിന്നുകൊണ്ടുതന്നെ എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചർച്ച െചയ്യുക. വിനാശകരമായ മത്സ്യബന്ധന രീതികള്‍, വലനിര്‍മാണം, വലകളുടെ വലുപ്പവും കണ്ണിവലുപ്പത്തിലുമുള്ള നിയന്ത്രണങ്ങള്‍, മത്സ്യബന്ധന യാനങ്ങള്‍ മറ്റ് രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയല്‍, ഇത് സംബന്ധിച്ച് നിയമങ്ങളുടെ ബോധവത്കരണം, കേന്ദ്രത്തില്‍ മത്സ്യബന്ധന ശേഷി നിയന്ത്രിക്കല്‍, കാലാവസ്ഥ വ്യതിയാനം, കേന്ദ്ര മത്സ്യബന്ധന നയം, ഗോസ്റ്റ് ഫിഷിങ്ങും പ്ലാസ്റ്റിക് മലിനീകരണവും, കടല്‍ ശുദ്ധീകരണ പദ്ധതിയായ ശുചിത്വസാഗരം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ ആലോചിക്കുകയും തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാറി​െൻറ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്യും. മന്ത്രിമാര്‍ക്ക് പുറമേ കേന്ദ്ര സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരും സംബന്ധിക്കും. സംസ്ഥാന മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടാംദിവസം മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, മത്സ്യകയറ്റുമതിക്കാരുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സാറ്റ്െലെറ്റ് ഫോൺ നൽകുന്നത് സംബന്ധിച്ച് ബി.എസ്.എൻ.എല്ലുമായി ചർച്ച തുടരുകയാണ്. ഒരു ലക്ഷം രൂപയുടെ പാക്കേജാണ് ബി.എസ്.എൻ.എൽ നൽകിയത്. അത്തരം പാക്കേജ് വേണ്ടതില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.