പൂങ്കോട് ഗവ.എൽ.പി.എസ് മാതൃക

ബാലരാമപുരം: പൊതുവിദ്യാലയങ്ങൾ ഹരിതസമൃദ്ധിയിലേക്കുയരുന്നു. സംസ്ഥാന കൃഷിവകുപ്പും ഐ.ബി. സതീഷ് എം.എൽ.എ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുമാണ് വിദ്യാലയങ്ങളെ ഹരിതസമൃദ്ധിയിലേക്ക് നയിക്കുന്നത്. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ പൂങ്കോട് സർക്കാർ എൽ.പി സ്കൂൾ വളപ്പിൽ പദ്ധതിയുടെ ഭാഗമായി മാതൃക കൃഷിത്തോട്ടമൊരുങ്ങി.സുരക്ഷിത പച്ചക്കറി കൃഷിയാണ് നടപ്പിലാക്കുന്നത്. തരിശായി കിടന്ന വിദ്യാലയ വളപ്പ് സ്കൂൾ അധികൃതർ കൃഷിയിറക്കാൻ സജ്ജമാക്കി. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് കൃഷി വികസന ഒാഫസർ രമേശ് കുമാറി​െൻറ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിത്തീടൽ നടത്തി. കോളിഫ്ലവർ, കാബേജ്, ചീര, വെണ്ട, വഴുതന, മുളക്, പയർ എന്നിവയാണ് കൃഷിയിറക്കിയത്. ജൈവവള പ്രയോഗവും പരിചരണവുമെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കാർഷിക വളർച്ച ഡയറി കുട്ടികൾ തയാറാക്കുന്നുണ്ട്. കാർഷികവൃത്തിയോട് ആഭിമുഖ്യവും കൃഷിരീതിയുടെ ഘട്ടങ്ങൾ തിരിച്ചറിയാനും പദ്ധതി ഏറെ സഹായിക്കുന്നുണ്ടെന്ന് കൺവീനർമാരായ കെ.എസ്. ചന്ദ്രികയും, പ്രതിഭയും പറഞ്ഞു. ഐ.ബി സതീഷ് എം.എൽ.എ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായും കൃഷിയിറക്കിയിട്ടുണ്ട്. വൃത്തി, വെള്ളം, വിളവ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിത്തിടീലി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ എസ്. അംബികാദേവി, ഹരിത വിദ്യാലയം കോഓഡിനേറ്റർ സന്തോഷ്, ഹെഡ്മിസ്ട്രസ് കുമാരി ഷീല, പി.ടി.എ പ്രസിഡൻറ് എസ്. സുമി, എസ്.എം.സി ചെയർപേഴ്സൺ എൻ. നിഷ, അധ്യാപകരായ പി. മിനിമോൾ, എൽ. സുമ, എസ്.ബി. ഷൈല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.