മുങ്ങിയ കൗൺസിലർ എവിടെയെന്നറിയില്ല; കോൺഗ്രസിൽ ഗ്രൂപ്പിസം പുകയുന്നു

പാലക്കാട്: അവിശ്വാസപ്രമേയത്തിൽ വോട്ട് ചെയ്യാതെ രാജിവെച്ച് മുങ്ങിയ കോൺഗ്രസ് കൗൺസിലർ വി. ശരവണനെക്കുറിച്ച് ഇനിയും വിവരമില്ല. ഞായറാഴ്ച രാത്രി മുതൽ കാണാതായ ശരവണൻ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. ശരവണനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നിലപാട്. ശരവണൻ തമിഴ്നാട്ടിലാണെന്ന് സൂചനയുള്ളതായി ചില കൗൺസിലർമാർ പറഞ്ഞു. പണവും സ്ഥാനവും ജോലി വാഗ്ദാനവും നൽകി ശരവണനെ ബി.ജെ.പി ഒളിപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം, അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പിസം പുകയുകയാണ്. ബി.ജെ.പിയെ പുറത്താക്കാൻ നേതൃത്വം ആത്മാർഥമായി ശ്രമിച്ചില്ലെന്ന് അണികൾക്കിടയിൽ അമർഷമുണ്ട്. ഗ്രൂപ് താൽപര്യങ്ങളും വ്യക്തി താൽപര്യങ്ങളുമാണ് അവിശ്വാസപ്രമേയം പരാജയപ്പെടാനുള്ള കാരണമെന്ന് കോൺഗ്രസിനുള്ളിൽതന്നെ അമർഷമുണ്ട്. ബി.ജെ.പി വാഗ്ദാനങ്ങളുമായി സമീപിച്ചെന്ന മൂന്ന് കൗൺസിലർമാരുടെ വെളിപ്പെടുത്തൽ കോൺഗ്രസിനുതന്നെ തിരിച്ചടിയാണ്. ബി.ജെ.പി കൗൺസിലർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞിട്ടും കൃത്യമായി നടപടിയെടുത്തില്ലെന്നാണ് പ്രധാന വിമർശനം. 2009ൽ ഷൊർണൂർ നഗരസഭയിലും സമാന സംഭവമുണ്ടായിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മറ്റൊരു വിലയിരുത്തൽ. നഗരസഭയിലെ അവിശ്വാസപ്രമേയംപോലും പാസാക്കാൻ കഴിയാതിരിക്കുന്ന ഡി.സി.സി പ്രസിഡൻറ് ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങനെ പാർട്ടിയെ സജ്ജമാക്കുമെന്നും വിമർശനമുയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.