തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താൻ എൽ.ഡി.എഫിലെ ഘടകകക്ഷികൾ സമ്മർദം ചെലുത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യമാണിപ്പോൾ. സമാധാനം നിലനിൽക്കുന്ന കേരളത്തിൽ ഇത് പാടില്ലാത്തതാണ്. സി.പി.ഐ മുഖ്യമന്ത്രിയെ തിരുത്താൻ മുൻകൈയെടുക്കണം. ലോക് താന്ത്രിക് ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാറിനും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാകുമെന്നും മുല്ലപ്പള്ളി വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സി.പി.ഐയുടെ നിശബ്ദത അവസാനിപ്പിക്കാൻ സമയമായി. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ചെറിയ വിഭാഗം ഒഴികെ വലിയൊരുവിഭാഗം മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിന് എതിരാണ്. പരസ്യമായി പറയുന്നിെല്ലന്നേയുള്ളൂ. സാംസ്കാരിക നായകരടക്കം ശബരിമല വിഷയത്തിൽ അഭിപ്രായം പറയണം. പൊലീസുകാരെ ഉപയോഗിച്ച് വിശ്വാസികളെ വെല്ലുവിളിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും യാഥാർഥ്യബോധവും പക്വതയും കാട്ടണം. സമയം കൈവിട്ടിട്ടില്ല. ഭരണാധികാരിക്ക് വേണ്ടത് വിവേകമാണ്. അല്ലെങ്കിൽ ചരിത്രം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലക്കലിൽ മാധ്യമ പ്രവർത്തകരെ തടഞ്ഞ സർക്കാർ നിലപാട് ശുദ്ധ ഫാഷിസമാണ്. ലോകമഹായുദ്ധങ്ങളിൽപോലും മാധ്യമപ്രവർത്തകർക്ക് സധൈര്യം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനാകുമായിരുന്നു. ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാൻ കഴിയില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ജാതി രാഷ്ട്രീയത്തിലേക്ക് ജനങ്ങളെ നയിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിന് ആർ.എസ്.എസിനും ബി.ജെ.പിക്കും ഉൗർജംപകരുകയാണ് സർക്കാർ. അമിത് ഷായുടെ കേരള സന്ദർശനം യാദൃശ്ചികമല്ല. ശബരിമലയിൽ ആവിഷ്കരിക്കേണ്ട തന്ത്രങ്ങളുമായാണ് അദ്ദേഹം എത്തിയത്. കോൺഗ്രസിെൻറ ദേശീയ- സംസ്ഥാന ഘടകങ്ങൾ എപ്പോഴും വിശ്വാസികൾക്കൊപ്പമാണ്. ബന്ധുനിയമനത്തിലൂടെ മന്ത്രി കെ.ടി. ജലീൽ നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയത്. മന്ത്രിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രളയ ദുരുതാശ്വാസ സംഭാവനകൾ കണക്കിൽ പെടാതിരുന്നത് പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ സമാഹരിച്ച തുകയുടെ കണക്കുപോലുമില്ലെന്നതിെൻറ തെളിവാണ്. ദുരിതാശ്വാസ തുകക്ക് പ്രത്യേക ഫണ്ട് വേണമെന്ന ആവശ്യം പോലും മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നത് ഇതിെൻറ പേരിലാണോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.