കാട്ടാക്കട: മുഴുവൻ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടക്ക് സ്വന്തം. കേരളപ്പിറവിദിനത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡലത്തിനു കീഴിലെ സ്‌കൂളുകളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. 'വറ്റാത്ത ഉറവക്കായി ജലസമൃദ്ധി' പദ്ധതിയുടെ ഭാഗമായാണിത്. ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയങ്ങളെന്ന ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം മിഷൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹോർട്ടികൾച്ചർ മിഷൻ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. പേയാട് സെൻറ് സേവ്യേഴ്സ് സ്‌കൂളിൽ നടന്ന ഹരിതവിദ്യാലയ പ്രഖ്യാപന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ കമീഷണർ എ. നിസാമുദ്ദീൻ, എനർജി മാനേജ്മെൻറ് ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ, കവിയും വിക്ടേഴ്സ് ചാനൽ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.