തിരുവനന്തപുരം: മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തം പൊലീസിനും ഫയർഫോഴ്സിനും കടുത്ത വെല്ലുവിളിയായി. മണിക്കൂറുകളോളം തീയും പുകയുമായി ഭീതിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ഇവിടെ. തലസ്ഥാനത്തെയും കൊല്ലം ജില്ലയിലെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തീയുടെ സംഹാരത്തിന് മുന്നിൽ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. പ്ലാസ്റ്റിക് ആയതിനാൽ സാധാരണ സംവിധാനങ്ങൾ ഉപയോഗിച്ചൊന്നുംതന്നെ തീ അണക്കാൻ സാധിച്ചില്ല. സ്ഫോടന ശബ്ദങ്ങളും കെട്ടിടത്തിെൻറ ഭാഗങ്ങൾ പൊളിഞ്ഞ് വീണതും ഭീതി പടർത്തി. തീക്കൊപ്പം വിഷപ്പുകയും പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തീ സമീപത്തെ കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും പടർന്നുപിടിച്ചു. ഐ.എസ്ആർ.ഒ എയർപോർട്ട് അതോറിറ്റി എന്നിവിടങ്ങളിൽനിന്നും ഫയർ എൻജിനുകൾ എത്തി. എന്നാൽ, ഫാക്ടറി പൂർണമായും കത്തിയമർന്നത് അകത്തേക്ക് ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം അസാധ്യമാക്കി. തീ കണ്ടതോടെ ഫാക്ടറിക്കുള്ളിലെ 120 ഓളം ജീവനക്കാർ ഓടി രക്ഷപ്പെട്ടതും സമീപവാസികളെ അവിടെനിന്നും മാറ്റിയതുമാണ് ആളപായം ഒഴിവാക്കാനായത്. പ്ലാസ്റ്റിക് ആയതിനാലാണ് തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയത്. ഫാക്ടറിക്കുള്ളിൽ ഡീസൽ പ്ലാൻറും പ്ലാസ്റ്റിക് മാലിന്യവുമായതിനാൽ തീ അണക്കാൻ സാധിക്കാതെയായി. ഫാക്ടറി കത്തി അമരുന്നതുവരെ കാത്തിരിക്കാമെന്ന തീരുമാനം അധികൃതർ കൈക്കൊണ്ടു. ഫാക്ടറിക്ക് സമീപെത്ത കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ മുൻകരുതൽ കൈക്കൊണ്ടതിനാലാണ് തീ പുറത്തേക്ക് പടരാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.