മാർ ഇവാനിയോസ് കോളജിലെ സംഘർഷം; വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

പേരൂർക്കട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർ ഇവാനിയോസ് കോളജിൽ പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടിയ സംഭവത്തിൽ 20 പേരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാർഥികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച കോളജ് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. സസ്പെൻഡ് ചെയ്യപ്പെട്ട 20 പേരും എസ്.എഫ്.ഐ പ്രവർത്തകരാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെതുടർന്ന് പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് പൊലീസിനുനേരെ പ്രകടനക്കാർ കല്ലെറിയുകയും കൈയേറ്റം നടത്തുകയും ചെയ്തു. കോളജിലെ നിരവധി ഫർണിച്ചറും ഉപകരണങ്ങളും പ്രകടനക്കാർ തകർത്തു. അക്രമത്തിൽ മണ്ണന്തല സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കും എ.ആർ ക്യാമ്പിലെ ആറ് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പൊലീസുകാരെ ആക്രമിച്ച കേസിൽ വിദ്യാർഥികൾക്കെതിരെ മണ്ണന്തല പൊലീസ് ക്രിമിനൽ കേസെടുത്തു. പരിക്കേറ്റ് ചികിത്സയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തിയശേഷം കോളജ് കാമ്പസിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഫർണിച്ചറും മറ്റും തകർത്ത സംഭവത്തിൽ കോളജ് അധികൃതരും പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കോളജ് മാനേജർ പൊലീസിന് മൊഴിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.