തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിെൻറ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെൻറര്‍ നിർമിക്കും. രണ്ട് നിലകളിലായി 23,622 ചതുരശ്രഅടി വിസ്തൃതിയുള്ള മന്ദിരം ഒഡിഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 15,751 ചതുരശ്രഅടി വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓഫിസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ്ലറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും. മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിെൻറ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ നാല് ഹാളുകളിലായി ഗുരുവിെൻറ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടി മീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നിര്‍വഹിക്കുക. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ശിവഗിരി തീർഥാടന കാലത്ത് പതിനായിരക്കണക്കിനാളുകളാണ് ചെമ്പഴന്തിയിലെത്തുന്നത്. ശ്രീനാരായണ ഗുരുവിെൻറ ജന്മഗൃഹമായ വയല്‍വാരം വീട് കാണുന്നതിനെത്തുന്ന തീർഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ സെൻറര്‍ സ്ഥാപിക്കുന്നത്. ശ്രീനാരായണ ജയന്തി അടക്കം നിരവധി ആഘോഷ പരിപാടികള്‍ നടക്കുന്ന ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരു കണ്‍വെന്‍ഷന്‍ സെൻറര്‍ എന്ന എറെക്കാലമായുള്ള ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.