കഴക്കൂട്ടം: എസ്.ഐ അടക്കമുള്ള പൊലീസുകാരെ സ്റ്റേഷൻ വളപ്പിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങൾ അടക്കം 22 പ്രവർത്തകർക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തി, സംഘം ചേർന്ന് സ്റ്റേഷൻ ആക്രമിച്ചു, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പ് ചുമത്തിയാണ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ചയാണ് സ്റ്റേഷൻകടവിൽ വാഹന പരിശോധനക്കിടെ സി.പി.എം പ്രവർത്തകനായ നാസറിനെ തുമ്പ എസ്.ഐ പ്രതാപചന്ദ്രൻ കസ്റ്റഡിയിലെടുത്തത്. എന്നാൽ, തന്നെ മർദിച്ചെന്ന് നാസർ പാർട്ടി പ്രവർത്തകരോട് പറഞ്ഞതോടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ജില്ല കമ്മിറ്റി അംഗങ്ങളായ ആറ്റിപ്ര സദാനന്ദെൻറയും വി.എസ്. പത്മകുമാറിെൻറയും നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ തുമ്പ സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധത്തിനിടെ സി.ഐ.ടി.യു ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ്ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘം പൊലീസിനുനേരെ തിരിയുകയായിരുന്നു. എസ്.ഐയെയും പൊലീസുകാരെയും അസഭ്യം പറഞ്ഞ സുരേഷ്ബാബു ഇവരെ സ്റ്റേഷനുള്ളിൽവെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകർ കൂടുതൽ അക്രമാസക്തരായതോടെ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ അനിൽകുമാർ സ്റ്റേഷനിലെത്തി ചർച്ച നടത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. അതേസമയം, തുമ്പ എസ്.ഐ പ്രതാപചന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സി.പി.എം പ്രവർത്തകർ ജില്ല കമ്മിറ്റിക്ക് പരാതി നൽകി. നേരത്തേയും എസ്.ഐക്കെതിരെ പ്രാദേശിക നേതാക്കൾ ജില്ല നേതാക്കളെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച സ്റ്റേഷനിൽ ഉപരോധത്തിനെത്തിയ ആറ്റിപ്ര സദാനന്ദൻ എസ്.ഐക്ക് പരസ്യമായ 'താക്കീതും' നൽകിയിരുന്നു. ഇതിനുപുറമെ മൺവിളയിൽ യുവാവിനെ എസ്.ഐ പ്രതാപചന്ദ്രൻ മർദിച്ചെന്ന് ആരോപിച്ച് ഇയാളുടെ മാതാവ് ഡി.ജി.പിക്ക് പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.