പത്തനാപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ കെ.എസ്.ആര്‍.ടി.സി സർവിസുകൾ പാതിവഴിയിൽ നിർത്തുന്നു. പത്തനാപുരം അടക്കം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഡിപ്പോകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ചെയിൻ സർവിസുകൾക്ക് ദിവസേന ലഭിക്കേണ്ട 72 ലിറ്റർ ഡീസൽ 60 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോയ ബസ് തൃശൂർ എത്തിയപ്പോഴേക്കും ഡീസൽ തീർന്നു. ഡിപ്പോയിലെ മിക്ക സര്‍വിസുകളും മുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളും തൊഴിലാളികളും ഇതുകാരണം ദുരിതത്തിലാണ്. ഗ്രാമീണ മേഖലയിലേക്കുള്ള ബസുകള്‍ ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് ഓടാതിരുന്നതാണ് വിദ്യാർഥികളെ വലക്കുന്നത്. ബസ് ഇല്ലാതായതോടെ ഡിപ്പോ ഓഫിസിലെത്തി വിദ്യാർഥികളില്‍ ചിലര്‍ പ്രതിഷേധിച്ചു. ദീർഘദൂര സർവിസുകൾക്ക് ലഭിക്കേണ്ട ഇന്ധനത്തിൽ 25 ശതമാനമാണ് വെട്ടിക്കുറച്ചത്. വരും ദിവസങ്ങളിലും ഡീസല്‍ ക്ഷാമം തുടരാനാണ് സാധ്യത. കൊട്ടാരക്കര, അടൂര്‍, പുനലൂര്‍ തുടങ്ങിയ ഡിപ്പോകളില്‍നിന്നാണ് പത്തനാപുരത്തെ 50 ഓളം സര്‍വിസുകള്‍ ഡീസല്‍ നിറയ്ക്കുന്നത്. ചന്ദനക്കാംപാറ, മാനന്തവാടി തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകള്‍ ക്ഷാമത്തെ തുടര്‍ന്ന് നേരത്തേതന്നെ നിര്‍ത്തിെവച്ചിരുന്നു. പല സർവിസുകളുടെയും സമയം വ്യത്യാസപ്പെടുത്തിയാണ് വരുമാന നഷ്ടം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നത്. ഏഴുപേർക്ക് ഗാന്ധിഭവനിൽ അഭയം പത്തനാപുരം: ബുദ്ധിവൈകല്യമുള്ള സഹോദരങ്ങളുള്‍പ്പെടെ ഏഴു പേര്‍ക്കുകൂടി ഗാന്ധിഭവനില്‍ അഭയം. ശാസ്താംകോട്ട സ്വദേശികളായ ജെ. സുനില്‍ (39), സഹോദരന്‍ ജെ. ബിജു (36), കൊല്ലം കരീപ്ര സ്വദേശി തങ്കപ്പന്‍ ആചാരി (70), വര്‍ക്കല സ്വദേശി സര്‍വോത്തമന്‍(67) ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി പരമശിവന്‍ (80), പൊലീസിെൻറ നേതൃത്വത്തിലെത്തിച്ച അജ്ഞാതരായ രണ്ടുപേര്‍ എന്നിവരെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. മാതാപിതാക്കളുടെ മരണത്തോടെയാണ് സഹോദരങ്ങളായ സുനിലിെൻറയും ബിജുവിെൻറയും ജീവിതം ദുരിതപൂര്‍ണമായിത്തീര്‍ന്നത്. സഹോദരിക്ക് സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെയാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവനിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.