​​തെരുവുവിളക്കിൽ കത്തി കോർപറേഷൻ കൗൺസിൽ യോഗം

കൊല്ലം: നിരന്തരം പരാതി ഉന്നയിച്ചിട്ടും തെരുവുവിളക്ക് പരിപാലനത്തിൽ നഗരസഭ ശുഷ്കാന്തി കാട്ടുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ പതിവുപോലെ ആദ്യം സംസാരിക്കാനെഴുന്നേറ്റത് പാർലമ​െൻററി പാർട്ടി ലീഡർ ഹഫീസ് ആയിരുന്നു. പ്രകാശിക്കുന്ന തെരുവുവിളക്കുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ മേയർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. ഇതിനു പിന്നാലെ, തെരുവുവിളക്ക് പരിപാലനത്തിൽ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വൻപരാജയമാണെന്ന് ആരോപിച്ച് സമിതി അംഗമായ സി.പി.എമ്മിലെ രവീന്ദ്രൻ രംഗത്തെത്തിയത് ഭരണപക്ഷത്തെയാകെ ഞെട്ടിച്ചു. അധ്യക്ഷയുടെ മാത്രമല്ല സമിതി അംഗമായ താങ്കളുടെ കൂടി പരാജയമാണ് തുറന്നുസമ്മതിക്കുന്നതെന്ന് പറഞ്ഞ് മേയർ രവീന്ദ്രനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സി.പി.എം അംഗമായ രവീന്ദ്രൻ സി.പി.ഐയുടെ അധ്യക്ഷയെ പരസ്യമായി വിമർശിച്ചതിനെതിരെ സി.പി.ഐ കൗൺസിലർ പ്രതിഷേധിച്ചതും ഒച്ചപ്പാടിനിടയാക്കി. പ്രകാശിക്കാത്ത തെരുവ് വിളക്കുകൾ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ മരാമത്ത് സ്ഥിരംസമിതി അംഗങ്ങൾ സംഘങ്ങളായി തിരിഞ്ഞ് സായാഹ്ന യാത്ര നടത്തുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. നഗരസഭ കൗൺസിൽ യോഗത്തിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മരാമത്ത് സ്ഥിരംസമിതി യോഗം ഉടൻ ചേർന്ന് ഓരോ അംഗത്തിനും തെരുവുവിളക്ക് പരിപാലനത്തി​െൻറ ചുമതലകൾ വിഭജിച്ച് നൽകും. ഈ യോഗത്തിൽതന്നെ സായാഹ്ന യാത്രക്കും രൂപം നൽകും. ഓണത്തിന് മുമ്പ് എല്ലാ തെരുവുവിളക്കുകളും പ്രകാശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പ്രളയം വന്നതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ പ്രവർത്തനം ഊർജിതമായി. നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും എൽ.ഇ.ഡിയാക്കാനുള്ള പദ്ധതിക്ക് ഉടൻ സർക്കാറി​െൻറ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നഗരസഭ നേരിട്ട് തെരുവുവിളക്ക് പരിപാലനം ഏറ്റെടുക്കുമെന്നും മേയർ പറഞ്ഞു. ഭൂരിഭാഗം യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലും ഒന്നോ രണ്ടോ തെരുവുവിളക്കുകൾ ഒഴിച്ച് ബാക്കിയെല്ലാം പ്രകാശിക്കുന്നുണ്ടെന്നും ഇറങ്ങിപ്പോക്ക് പാർലമ​െൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമാണെന്നും മേയർ അടക്കമുള്ള ഭരണപക്ഷക്കാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.